thangal
എടത്തല കെ.എം.ഇ.എ എൻജിനിയറിംഗ് കോളേജിൽ സിവിൽ സർവീസ് അക്കാഡമി മുസ്ലീംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: സിവിൽ സർവീസ് മേഖലയിലെ ജാതീയമായ വിഭാഗീയത പൊതു സമൂഹത്തിന് ആപത്താണെന്ന് മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ പറഞ്ഞു. ഇത്തരക്കാരെ മാറ്റിനിറുത്താൻ കഴിയണം.

എടത്തല കെ.എം.ഇ.എ എൻജിനിയറിംഗ് കോളേജിൽ സിവിൽ സർവീസ് അക്കാഡമി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നീതി ശാസ്ത്രത്തെക്കുറിച്ച് ബോദ്ധ്യമുള്ളവരായിരിക്കണം മേഖലയിലേക്ക് വരേണ്ടത്. അതൃപ്തി സൃഷ്ടിക്കരുത്. അത് ആഭ്യന്തര വിഭാഗീയതയ്ക്ക് വഴിമാറും.

ജനങ്ങളുമായി ഏറ്റവുമടുത്ത് നിൽക്കുന്നവരാണ് സിവിൽ സർവീസ് ഉദ്യോഗസ്ഥർ. ഭരണാധികാരികളേക്കാൾ ജനങ്ങൾ ഇഷ്ടപ്പെടുന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥരുണ്ട്. ഉദ്യോഗസ്ഥർ നന്നായി പ്രവർത്തിക്കുമ്പോഴാണ് ജനങ്ങൾക്ക് പ്രതീക്ഷയുണ്ടാകുന്നത്. സർക്കാർ നയം നടപ്പാക്കുന്നത് സിവിൽ സർവീസിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു. കെ.എം.ഇ.എ പ്രസിഡന്റ് സയ്യിദ് ബഷീർ അലി ശിഹാബ് തങ്ങൾ അദ്ധ്യക്ഷനായി. കളക്ടർ എൻ.എസ്.കെ ഉമേഷ് മുഖ്യപ്രഭാഷണം നടത്തി.

സിവിൽ സർവീസ് പരീക്ഷ രണ്ടുവട്ടം പരാജയപ്പെട്ട ശേഷമാണ് വിജയിക്കാനായതെന്നും പരിശ്രമിച്ചാൽ എന്തും നേടാമെന്നതിന് താൻ ഉദാഹരണമാണെന്നും ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് പറഞ്ഞു. വായനയാണ് ഏറ്റവും പ്രധാനം. വായന ഇല്ലാത്തവർക്ക് സിവിൽ സർവീസ് നേടാനാകില്ല. മലയാളം, ഇംഗീഷ് പത്രങ്ങൾ നന്നായി വായിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അക്കാഡമി ഡയറക്ടർ ബി. അരുൺകുമാർ, കോളേജ് മാനേജ്മെന്റ് ചെയർമാൻ റിയാസ് അഹമ്മദ് സേഠ്, സെക്രട്ടറി കെ.എ. ജലീൽ എന്നിവർ സംസാരിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. അമർ നിഷാദ്, എച്ച്.ഇ. മുഹമ്മദ് ബാബു സേഠ്, അബ്ദുൾ മജീദ് പറക്കാടൻ, ടി.എ. അഹമ്മദ് കബീർ, വി.ഇ. അബ്ദുൾ ഗഫൂർ, എൻ.കെ. നാസർ, പി.എ. അഹമ്മദ് കബീർ എന്നിവരും സന്നിഹിതരായിരുന്നു.