കൂത്താട്ടുകുളം: കൂത്താട്ടുകുളത്തും പരിസര പ്രദേശങ്ങളിലും മോഷണം വ്യാപകമാകുന്നതായി പരാതി. 7,8,9 ഡിവിഷനുകളിലാണ് മോഷണം കൂടുതലായി നടക്കുന്നത്. ആക്രി പെറുക്കാൻ എന്ന വ്യാജേന നാടോടി സംഘമാണ് മോഷണത്തിന് പിന്നിലെന്നാണ് സൂചന. ചാക്കുകളുമായി എത്തുന്ന ഇവർ ആക്രി സാധനങ്ങൾ പെറുക്കാറില്ലെന്നും ടൗണിലെ ഒരു ആക്രിക്കടയിലും ഇവർ എത്താറില്ലെന്നും നാട്ടുകാരും കടക്കാരും പറയുന്നു. കൂത്താട്ടുകുളം രാമപുരം കവലക്ക് സമീപം നിർമ്മാണം നടക്കുന്ന സ്വകാര്യ സ്ഥാപനത്തിലെ വിലപിടിപ്പുള്ള സാധനങ്ങൾ മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ സൈറ്റ് മാനേജർ എത്തിയപ്പോഴേക്കും 3 നാടോടി സ്ത്രീകൾ രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രിയിൽ ഇൻഫന്റ് ജീസസ് സ്കൂളിന് സമീപം അന്യ സംസ്ഥാന തൊഴിലാളികളുടെ മൂന്ന് മൊബൈൽ ഫോണുകളാണ് മോഷണം പോയത്. സംസ്ഥാനത്ത് കുറുവ സംഘത്തിന്റെ സാന്നിദ്ധ്യമുണ്ട് എന്നതും കൂത്താട്ടുകുളത്തെ ജനങ്ങൾക്ക് ആശങ്കയുണ്ട്.

ജനങ്ങൾ ജാഗ്രത പാലിക്കണം. സംശയാസ്പദമായ രീതിയിൽ നാടോടികളെ കണ്ടാൽ പൊലീസിനെ ഉടൻ അറിയിക്കണം.

ഷിബി ബേബി

കൗൺസിലർ

കൂത്താട്ടുകുളത്തും പരിസരത്തും നാടോടി സ്ത്രീകൾ ആക്രി പെറുക്കാൻ എന്ന വ്യാജേന കറങ്ങി നടക്കുന്നതും പരിസര വാസികൾ ശ്രദ്ധിക്കുമ്പോൾ ഓടിക്കളയുന്നതും ജനങ്ങളിൽ ആശങ്ക പരത്തുന്നു. കുറുവ സംഘം പോലുള്ള മോഷണ സംഘങ്ങളുടെ കേന്ദ്രമായി കൂത്താട്ടുകുളം മാറാതിരിക്കാൻ പൊലീസ് ശ്രദ്ധിക്കണം

കെ. ചന്ദ്രശേഖരൻ

സംസ്ഥാന പ്രസിഡന്റ്‌

എൻ.എൽ.സി