മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് ഏറെ സഹായകരമായ ആശ്രമംകുന്ന് റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഇന്നലെ രാത്രിയോടെ ആരംഭിച്ചു. അമൃത കുടിവെള്ള വിതരണ പദ്ധതിയുടെ പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായി വാട്ടർ അതോറിറ്റി കുഴികൾ എടുത്തതിനെ തുടർന്ന് ഏറെ നാളായി ഈ റോഡിലൂടെയുള്ള യാത്ര ഏറെ ദുഷ്കരമായിരുന്നു. മൂവാറ്റുപുഴ നഗര വികസനത്തിന്റെ ഭാഗമായി സംസ്ഥാന ബഡ്ജറ്റിലേക്ക് എം.എൽ.എ നിർദ്ദേശിച്ച ആസാദ് - കീച്ചേരിപ്പടി കെ.എം.എൽ. പി സ്കൂൾ റോഡ്, ആശ്രമംകുന്ന് റോഡ്, ഇ.ഇ.സി മാർക്കറ്റ് - പുളിഞ്ചോട് റോഡ്, കാവുങ്കര മാർക്കറ്റ് റോഡ് എന്നിവ ബി.എം ബി.സി നിലവാരത്തിൽ പൂർത്തീകരിക്കുന്നതിനായി അഞ്ചുകോടി രൂപയാണ് അനുവദിച്ചിരുന്നത്. ആസാദ് - കീച്ചേരിപ്പടി കെ.എം.എൽ.പി സ്കൂൾ റോഡ്, മാർക്കറ്റ് റോഡ്, ആശ്രമംകുന്ന് റോഡ് എന്നിവയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ആശ്രമംകുന്ന് റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത് രാത്രികാലങ്ങളിലാണ് നടത്തുക. ഈ സമയങ്ങളിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരുമെന്നും യാത്രക്കാർ സഹകരിക്കണമെന്നും മാത്യു കുഴൽനാടൻ എം.എൽ.എ അറിയിച്ചു.