
കൊച്ചി: കുവൈറ്റിൽ 700 കോടി രൂപയുടെ ബാങ്ക് വായ്പകൾ തിരിച്ചടയ്ക്കാതെ രാജ്യംവിട്ട 1,425 മലയാളി ആരോഗ്യപ്രവർത്തകരെ പൊലീസ് തെരയുന്നു.
ബാങ്ക് അധികൃതർ (ഗൾഫ് ബാങ്ക് കുവൈറ്റ് ഷെയർ ഹോൾഡിംഗ് കമ്പനി പബ്ലിക്) വ്യാഴാഴ്ച കേരളത്തിലെത്തി പൊലീസ് മേധാവിക്ക് പരാതി നൽകി. പത്ത് കേസ് രജിസ്റ്റർ ചെയ്ത് ക്രൈംബ്രാഞ്ചിന് കൈമാറി. ദക്ഷിണമേഖലാ റേഞ്ച് ഐ.ജിക്കാണ് അന്വേഷണചുമതല. പ്രതികളിൽ ഭൂരിഭാഗവും കുവൈറ്റ് ആരോഗ്യവകുപ്പിലെ മുൻ ജീവനക്കാരാണ്. 2019-22 കാലത്താണ് കൂടുതൽ തട്ടിപ്പ്.
50ലക്ഷം മുതൽ മൂന്ന് കോടി വരെയാണ് തിരിച്ചടയ്ക്കാനുള്ളത്. കുവൈറ്റ് വിട്ടവരിൽ ചിലരേ കേരളത്തിലുള്ളൂ. മിക്കവരും യൂറോപ്പ്, അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളിലാണ്. ഗൂഢാലോചന, കൃത്രിമരേഖകൾ ഉപയോഗിച്ചുള്ള വിശ്വാസവഞ്ചന, സ്വത്തപഹരിച്ച് മുങ്ങൽ ഉൾപ്പെടെയാണ് കുറ്റങ്ങൾ. സ്വത്ത് ജപ്തിചെയ്ത് കുടിശിക ഈടാക്കുന്നതിനു പുറമേ ഏഴു വർഷം വരെ തടവുശിക്ഷയും നൽകാം.
തട്ടിപ്പ് ഇങ്ങനെ
• കുവൈറ്റ് ആരോഗ്യ ജീവനക്കാർക്ക് ബാങ്ക് വായ്പ അനായാസം ലഭിക്കും
• ആദ്യം ചെറിയ തുക ലോണെടുക്കും
• ഇത് പെട്ടെന്ന് അടച്ചുതീർക്കും
• അങ്ങനെ മികച്ച ക്രെഡിറ്റ് സ്‌കോർ നേടും
• തുടർന്ന് ഒരു കോടി മുതൽ വായ്പയെടുത്ത് മുങ്ങും
ഒമ്പതും എറണാകുളത്ത്
10 കേസുകളിൽ ഒമ്പതും എറണാകുളത്ത്. കളമശേരി, പുത്തൻകുരിശ്, കാലടി, കോടനാട്, മൂവാറ്റുപുഴ, വരാപ്പുഴ, ഞാറയ്ക്കൽ, ഊന്നുകൽ, കോതമംഗലം സ്റ്റേഷനുകളിലാണ് കേസുകൾ. കുമരകത്താണ് ഒടുവിലെ കേസ്.
മറ്റ് ഗൾഫ് രാജ്യങ്ങളിലും
കുവൈറ്റിന് പുറമേ യു.എ.ഇയും സൗദി അറേബ്യയും ഖത്തറും ഒമാനുമുൾപ്പെടെ മിക്ക ഗൾഫ് രാജ്യങ്ങളിലുമുള്ള ബാങ്കുകൾ വായ്പാതട്ടിപ്പിനിരയായെന്നാണ് ബാങ്ക് അധികൃതർ എ.ഡി.ജി.പി മനോജ് എബ്രഹാമിനെ അറിയിച്ചത്.
ഇന്ത്യൻ പൗരൻ വിദേശത്ത് കുറ്റം ചെയ്‌താൽ ഇന്ത്യയിലെ പോലെ തന്നെ നിയമനടപടികൾ നേരിടണമെന്ന ബി.എൻ.എസ് സെക്‌ഷൻ 208 പ്രകാരമാണ് ബാങ്കുകൾ മുന്നോട്ടു പോകുന്നത്.
തോമസ് ജെ. അറയ്ക്കൽ,
അഭിഭാഷകൻ, കുവൈറ്റ് ബാങ്ക്