കോലഞ്ചേരി: കൃഷി ഉപേക്ഷിക്കാൻ തയ്യാറെടുത്ത തോന്നിക്ക കരീപ്പത്താഴത്തെ കർഷകർക്ക് ആശ്വാസമേകി ഞെരിയാംകുഴി തോട്ടിൽ തടയണ നിർമ്മാണം തുടങ്ങി. പി.വി. ശ്രീനിജിൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 33.50 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഐക്കരനാട്ടിൽ നടന്ന ജനസഭയിൽ ഇതു സംബന്ധിച്ച് മേഖലയിലെ കർഷകർ നൽകിയ പരാതിയിലാണ് തീരുമാനമായത്. ജനസഭയിൽ വച്ചുതന്നെ തടയണയ്ക്കായി 14 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാൽ തോടിന്റെ ഇരുകരയിലുമുള്ള ഐക്കരനാട് മഴുവന്നൂർ പഞ്ചായത്തിലെ കർഷകർക്ക് ഗുണം കിട്ടുന്ന വിധത്തിൽ തടയണ നിർമ്മിക്കണമെങ്കിൽ ഈ ഫണ്ട് അപര്യാപ്തമാണെന്ന് ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ് റിപ്പോർട്ട് നൽകിയതോടെ ഇത് വീണ്ടും പ്രതിസന്ധിയിലായിലായത്. തുടർന്ന് വീണ്ടും കർഷകർ എം.എൽ.എ സമീപിച്ചതോടെയാണ് ആസ്തി വികസന ഫണ്ടിൽ നിന്നും 33.5 ലക്ഷം രൂപ അനുവദിച്ചത്.
തടയണ പൂർത്തിയാകുന്നതോടെ തോടിന്റെ ഇരു കരകളിലുള്ളവർക്കും മഴുവന്നൂർ പഞ്ചായത്തിലെ കടക്കനാട് വാർഡ് നിവാസികൾക്കും ഉപകാരപ്രദമാകും. തടയണയുടെ ഫണ്ട് അനുവദിച്ചെങ്കിലും വഴിയില്ലാത്ത അവിടേക്ക് നിർമാണ സാമഗ്രികൾ എത്തിക്കുന്നത് ദുഷ്കരമായിരുന്നു. സമീപവാസിയായ കർഷകൻ തന്റെ സ്ഥലത്തിന്റെ ഒരു ഭാഗത്ത് താത്കാലികമായ വഴിയുണ്ടാക്കിയാണ് പ്രശ്നം പരിഹരിച്ചത്.
കരീപ്പത്താഴത്ത് കർഷകർ നേരത്തെ തടയണക്കായി മുട്ടാത്ത വാതിലുകളില്ല. ത്രിതല പഞ്ചായത്ത് പ്രതിനിധികൾക്ക് നിരവധി നിവേദനങ്ങൾ നൽകിയെങ്കിലും പ്രയോജനമുണ്ടായില്ല. ഒടുവിലാണ് ജനസഭയിൽ പരാതിയുമായെത്തിയതും പ്രശ്ന പരിഹാരമാകുന്നതും.
ബിജുകുമാർ
യുവ കർഷകൻ
തോടിന്റെ ആഴംകൂട്ടിയപ്പോൾ പാടശേഖരങ്ങളിലേക്കുള്ള വെള്ളത്തിന്റെ സുഗമമായ ഒഴുക്ക് നിലച്ചതോടെ കൃഷിയിറക്കാൻ കഴിയാതായി. നിലവിൽ പൈപ്പുകളും കമ്പുകളും പലകയും കൊണ്ട് താത്കാലിക തടയണ നിർമ്മിച്ചായിരുന്നു കൃഷി. വെള്ളക്കെട്ട് കൂടുന്നതോടെ താത്കാലിക തടയണ പൊളിഞ്ഞ് കൃഷിനശിക്കുകയും വൻതുക കർഷകർക്ക് നഷ്ടപ്പെടുകയും ചെയ്തിരുന്നു.
ഐക്കരനാട് പഞ്ചായത്ത് ആറാം വാർഡിലെ കർഷകരുടെ ദീർഘകാലത്തെ ആവശ്യമായിരുന്നു തടയണ നിർമ്മാണം. മുന്നൂറ് ഏക്കർ വരുന്ന പാടശേഖരത്തിലെ കർഷകർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.