വൈപ്പിൻ: കുറുവാ സംഘാംഗമെന്ന സംശയത്തിൽ മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ കെട്ടിയിട്ടു. ചെങ്ങന്നൂർകാവുംകുന്ന് തങ്കച്ചന്റെ മകൻ വിനുവിനെയാണ് (48) കെട്ടിയിട്ടത്. ഇന്നലെ രാവിലെ മുരുക്കുംപാടം ബെൽബോ ജംഗ്ഷനിലാണ് സംഭവം. വീട്ടിൽ നിന്ന് പുറപ്പെട്ട വിനു മുരുക്കുംപാടത്തെത്തി കറങ്ങി നടക്കുകയായിരുന്നു. കുറുവ സംഘത്തിൽപ്പെട്ട ആളാണെന്ന സംശയത്തിലാണ് ഇയാളെ നാട്ടുകാർ പിടി കൂടിയത്. രാവിലെ മുരുക്കുംപാടം പള്ളിക്കു സമീപം കണ്ട ഇയാൾ പിന്നീട് ബെൽബോ റോഡിലെത്തി പാലംവരെ പോയി തിരിച്ചുവന്നപ്പോൾ ചിലർ ചോദ്യം ചെയ്തു. വിനുവിന് വ്യക്തമായ മറുപടി നൽകാനായില്ല. തുടർന്ന് ടെലിഫോൺ പോസ്റ്റിൽ കെട്ടിയിടുകയായിരുന്നു.

ഞാറക്കൽ പൊലീസിൽ അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി ഇയാളെ സ്റ്റേഷനിലെത്തിച്ചു. വിവരം ചെങ്ങന്നൂരിൽ ബന്ധുക്കളെ അറിയിച്ചു. രാത്രിയോടെ ബന്ധുക്കളെത്തി കൂട്ടിക്കൊണ്ടുപോയി.