padam

കൊച്ചി: വീടും സ്ഥലവും വാങ്ങാൻ ലോൺ തരപ്പെടുത്തി നൽകാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ്. മുളവുകാട് സ്വദേശിനിയുടെ പരാതിയിൽ കൂനമ്മാവ് സ്വദേശി ഷെൽബി ജോസഫ് (37) അറസ്റ്റിൽ. ലോണെടുക്കാൻ വീട്ടമ്മയ്ക്ക് സിബിൽ സ്‌കോർ കുറവായിരുന്നു. 1.17 ലക്ഷം രൂപയുടെ ആപ്പിൾ ഐ ഫോൺ ഇ.എം.ഐയായി വാങ്ങിയാൽ സിബിൽ സ്‌കോർ ഉയരുമെന്ന് ഇയാൾ വിശ്വസിപ്പിച്ചു. ഫോൺ മറിച്ചുവിറ്റ് ഒരു ലക്ഷം രൂപ നൽകാമെന്നും പ്രതി ഉറപ്പ് നൽകി ഫോൺ വാങ്ങി. എന്നാൽ കൈമാറിയ ശേഷം ഫോണോ പണമോ തിരികെ നൽകിയില്ലെന്നും ലോൺ തരപ്പെടുത്തി നൽകിയില്ലെന്നും പരാതിയിൽ പറയുന്നു. ഐ ഫോണിൽ നിന്ന് ബാങ്ക് മാനേജറാണെന്ന വ്യാജേനെ ഇയാൾ വീട്ടമ്മയ്ക്ക് മേസേജുകൾ അയച്ചിരുന്നു. പ്രതി ഒളിവിൽ കഴിഞ്ഞിരുന്ന ധ്യാനകേന്ദ്രത്തിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. മുളവുകാട് എസ്.എച്ച്.ഒ ശ്യാംകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. റിമാൻഡ് ചെയ്തു.