thenga

കൊച്ചി : തെങ്ങുകയറാൻ ആളില്ലെന്ന പരാതി ഇനി വേണ്ട. നാളികേര വികസന ബോർഡ് പരിശീലനം നൽകിയ 971പേർ റെഡി. ഒറ്റ ഫോൺ കോൾ മതി.

ബോർഡിന്റെ 'ഹലോ നാരിയൽ' കോൾ സെന്ററിലേക്ക് (

9447175999)​ വിളിക്കാം. വാട്‌സ്ആപ്പിലും സന്ദേശം അയയ്‌ക്കാം. പിന്നാലെ അടുത്തുള്ള തൊഴിലാളികളുടെ നമ്പരുകൾ കിട്ടും. തെങ്ങിന്റെ പരിചരണത്തിനും വിളവെടുപ്പിനും ഇവർ എത്തും. തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെയാണ് സേവനം. തേങ്ങയിടൽ, മണ്ട വൃത്തിയാക്കൽ, മരുന്നുതളി, കീട നിയന്ത്രണം, കൃതിമ പരാഗണം തുടങ്ങിയ സേവനങ്ങൾക്ക് നിശ്ചിത കൂലിയുണ്ട്.

കേരളത്തിൽ 33,000 പേർ പരിശീലനം നേടി. 971 പേർ സജീവമായി രംഗത്തുണ്ട്. പരിശീലനം നേടിയവരിൽ 10 ശതമാനം സ്ത്രീകളായിരുന്നു. രണ്ടുപേർ മാത്രമാണ് തുടരുന്നത്. ഒരാൾ തിരുവനന്തപുരത്തും ഒരാൾ കൊല്ലത്തും. രാജ്യത്താകെ 70,000ത്തിലേറെ പേർക്ക് പരിശീലനം നൽകി.

പരിശീലനം തുടരും

താത്പര്യമുള്ളവർക്ക് കോൾ സെന്ററിൽ പേര് രജിസ്റ്റർ ചെയ്യാം. തൃശൂരിൽ കാർഷിക സർവകലാശാലയുടെ കൃഷി വിജ്ഞാന കേന്ദ്രത്തിലാണ് പരിശീലനം. കൃഷി വിജ്ഞാന കേന്ദ്രവുമായി സഹകരിച്ച് എല്ലാ ജില്ലകളിലും പരിശീലന ക്യാമ്പുകൾ നടത്തിയിരുന്നു. അത് തുടരും. എല്ലാവർക്കും തെങ്ങുകയറ്റ മെഷീൻ സൗജന്യമായി നൽകുന്നുണ്ട്. 2023ലാണ് ഹലോ നാരിയൽ കോൾ തുടങ്ങിയത്.

ഇൻഷ്വറൻസ് പരിരക്ഷ

തൊഴിലാളികൾക്ക് ഏഴുലക്ഷം രൂപ വരെ അപകട ഇൻഷ്വറൻസുണ്ട്. ആദ്യവർഷം സൗജന്യമാണ്. പിന്നീട് വാർഷിക പ്രീമിയം 120രൂപ.

പരിശീലനം കിട്ടിയവർ

തിരുവനന്തപുരം: 184

കാസർകോട്: 173

ആലപ്പുഴ: 166

എറണാകുളം: 73

ഇടുക്കി: 53

കണ്ണൂർ: 93

കോഴിക്കോട്: 66

കൊല്ലം: 22

കോട്ടയം: 18

മലപ്പുറം: 49

പാലക്കാട്: 30

പത്തനംതിട്ട: 11

തൃശൂർ: 29

വയനാട്: 4

ആകെ: 971