s

കൊച്ചി: കെ.എസ്.ആർ.ടി.സി ബസുകൾ പതിവായി അപകടങ്ങളിൽപ്പെടുമ്പോഴും പകുതിയെണ്ണത്തിനും ഇൻഷ്വറൻസ് പരിരക്ഷയില്ല. 2024 ഒക്ടോബർ ഒന്ന് വരെയുള്ള കണക്കുപ്രകാരം 5,523 ബസുകൾ സർവീസ് നടത്തുമ്പോൾ,

444 സ്വിഫ്റ്റ് ഉൾപ്പെടെ 2,346 ബസുകൾക്കു മാത്രമാണ് ഇൻഷ്വറൻസുള്ളത്.

15 വർഷത്തിലേറെ പഴക്കമുള്ള 1,194 ബസുകളുള്ളതിൽ 1,080 എണ്ണം സർവീസ് നടത്തുന്നുണ്ട്. കാക്കനാട് സ്വദേശി രാജു വാഴക്കാലയ്ക്ക് കെ.എസ്.ആർ.ടി.സി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ നൽകിയ വിവരാവകാശ മറുപടിയിലാണ് വിവരങ്ങളുള്ളത്.

ഇൻഷ്വറൻസില്ലാത്ത ബസുകൾ അപകടത്തിൽപ്പെട്ട വകയിൽ കോർപ്പറേഷൻ സ്വന്തം ഫണ്ടിൽ നിന്ന് എത്ര രൂപ നഷ്ടപരിഹാരം നൽകി, പ്രതിവർഷം എത്ര കോടി രൂപ ഇതിനായി ചെലവാകുന്നു തുടങ്ങിയ കണക്കുകൾ കോർപ്പറേഷന്റെ പക്കലില്ലെന്നും അറിയിച്ചു.

കണ്ടം ചെയ്യാൻ 1,000 ലേറെ

കാലാവധി കഴിഞ്ഞ 920 ബസുകൾ കണ്ടം ചെയ്യാനുണ്ടെന്ന് കെ.എസ്.ആർ.ടി.സി 2022ൽ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇത് 1000 കടന്നെന്നും ഉന്നത വൃത്തങ്ങൾ കേരളകൗമുദിയോട് വ്യക്തമാക്കി. 689 സാധാരണ ബസുകളും 239 ജനറം ബസുകളുമാണ് മുമ്പ് കണ്ടം ചെയ്യാനുണ്ടായിരുന്നത്. 10 മുതൽ 19 വർഷം വരെ സർവീസ് നടത്തിയ ബസുകളാണ് കണ്ടം ചെയ്യുകയെന്നാണ് അന്ന് കോർപ്പറേഷൻ ഹൈക്കോടതിയെ അറിയിച്ചത്. പക്ഷേ, പലതും അറ്റകുറ്റപ്പണി നടത്തി സർവീസിനിറക്കി. കൊച്ചി തേവരയിലെ യാർഡിൽ മാത്രം 50ലേറെ ബസുകൾ രണ്ടു വർഷമായി കിടപ്പുണ്ടെങ്കിലും ഒന്നുപോലും കണ്ടം ചെയ്തിട്ടില്ല.