
കൊച്ചി: കരാർ പാലിക്കാത്ത ടീകോമിന് നഷ്‌ടപരിഹാരം നൽകി സ്‌മാർട്ട്സിറ്റി പദ്ധതി തിരിച്ചെടുക്കാനുള്ള തീരുമാനം ഭൂമിക്കച്ചവടത്തിനാണെന്ന ആരോപണം ശക്തമായിട്ടും വ്യക്തമായ വിശദീകരണം നൽകാതെ സർക്കാർ. മാസ്റ്റർപ്ളാൻ പൂർത്തിയാക്കാതെ കരാർ ലംഘിച്ച ടീകോമിനെ ഒഴിവാക്കാൻ ചർച്ച കൂടാതെ മന്ത്രിസഭ തീരുമാനിച്ചതിന്റെ കാരണവും വ്യക്തമാക്കിയിട്ടില്ല. പദ്ധതി ഏറ്റെടുക്കാൻ പുതിയ പങ്കാളി സന്നദ്ധമാണെന്നാണ് അനൗദ്യോഗിക വിവരമെങ്കിലും സർക്കാർ വ്യക്തത വരുത്തിയിട്ടില്ല.
ടീകോമിനെ ഒഴിവാക്കാനുള്ള തീരുമാനത്തിൽ പ്രതിപക്ഷം ദുരൂഹത ആരോപിച്ചിട്ടുണ്ട്. 2007ലെ ധാരണാപത്രവും 2011ലെ കരാറും ടീകോം പാലിച്ചിട്ടില്ലെന്ന് വ്യക്തമാണ്.
മുഖ്യമന്ത്രി ചെയർമാനും ഐ.ടി സെക്രട്ടറി ഡയറക്‌ടറുമായി 16 ശതമാനം പങ്കാളിത്തമുണ്ടായിട്ടും ഇത്രയും വർഷം അനങ്ങാതിരുന്ന സർക്കാരാണ് നഷ്ടപരിഹാരം കൊടുക്കാൻ തയ്യാറാവുന്നത്. കരാർ ലംഘനം ഉണ്ടായാൽ, അടുത്ത നടപടി സുതാര്യമായ ചർച്ചയിലൂടെ ഉരുത്തിരിയേണ്ടതായിരുന്നു. പകരം, നഷ്ടപരിഹാരം നിശ്ചയിക്കാനുള്ള സമിതിയെ തീരുമാനിക്കുകയും അതിൽ, ടീകോമിന്റെ മുൻ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ ബാജു ജോർജിനെ ഉൾപ്പെടുത്തുകയുംചെയ്തു.
നിയമക്കുരുക്ക് ഒഴിവാക്കി എത്രയും വേഗം സ്ഥലം തിരിച്ചെടുക്കാൻ ലക്ഷ്യമിട്ടാണ് ടീകോമിന് നഷ്‌ടപരിഹാരം നൽകുന്നതെന്ന് സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. അഡ്വക്കേറ്റ് ജനറലിന്റെ ഉൾപ്പെടെ ഉപദേശം തേടിയതായും സൂചനകളുണ്ട്.
സംസ്ഥാനത്തിന്റെ താത്പര്യം സംരക്ഷിച്ചും സുതാര്യമായും സ്‌മാർട്ട്സിറ്റിയുടെ സ്ഥലം ഏറ്റെടുക്കുമെന്ന വ്യവസായമന്ത്രി പി. രാജീവിന്റെ പ്രസ്‌താവനയാണ് സർക്കാരിൽ വൃത്തങ്ങളിൽ നിന്നുള്ള ഏകവിശദീകരണം.
കരാർ പാലിച്ചില്ലെങ്കിൽ ടീകോമിൽ നിന്ന് തുക ഈടാക്കാൻ വ്യവസ്ഥയുണ്ടായിരിക്കെ നഷ്‌ടപരിഹാരം നൽകുന്നത് അഴിമതിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. 246 ഏക്കർ ഭൂമി സ്വന്തക്കാർക്ക് കൊടുക്കാനാണ് എൽ.ഡി.എഫിൽ ചർച്ച ചെയ്യാതെയും മന്ത്രിമാരും ഘടകകക്ഷികളും പ്രതിപക്ഷവും ജനങ്ങളുമറിയാതെയും പദ്ധതി അവസാനിപ്പിക്കുന്നത്. നഷ്ടപരിഹാരം നൽകാനുള്ള നീക്കം അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.