കൊച്ചി: സി.പി.ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രൻ വിടവാങ്ങിയിട്ട് ഒരു വർഷം. എറണാകുളം ടൗൺ ഹാളിൽ ഇന്ന് വൈകിട്ട് നാലിന് അനുസ്മരണ സമ്മേളനം ചേരും. സി.പി.ഐ ജില്ലാ കൗൺസിൽ സംഘടിപ്പിക്കുന്ന അനുസ്‌മരണം റവന്യൂവകുപ്പ് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന എക്‌സിക്യുട്ടീവ് അംഗങ്ങളായ കമലാ സദാനന്ദൻ, കെ.കെ. അഷ്‌റഫ്, ജില്ലാ സെക്രട്ടറി കെ.എം. ദിനകരൻ തുടങ്ങിയവർ നേതൃത്വം നൽകും.
പ്രമേഹത്തിന്റെ ആരംഭം മുതൽ വർഷങ്ങളായി കാനം രാജേന്ദ്രന്റെ ചികിത്സകൾ എറണാകുളത്തെ അമൃത ആശുപത്രിയിലായിരുന്നു. പ്രമേഹം മൂർച്ഛിച്ച് കാൽപ്പാദം മുറിച്ചുമാറ്റിയതും അമൃതയിലാണ്. ആശുപത്രി മുറിയിലിരുന്നാണ് പാർട്ടിയെ കാനം ചലിപ്പിച്ചത്. ബിനോയ് വിശ്വത്തെ ചുമതലയേല്പിക്കണമെന്ന നിർദ്ദേശം നൽകിയതും ഇവിടെ നിന്നായിരുന്നു.
സംസ്ഥാന സർക്കാരിന്റെ നവകേരള സദസ് എറണാകുളം ജില്ലയിൽ പര്യടനം നടത്തുന്നതിന്റെ ആദ്യ ദിവസമായ ഡിസംബർ എട്ടിനാണ് കാനം വിടപറഞ്ഞത്. തലേന്ന് രാത്രിയിലും കെ. രാജൻ, ജി. ആർ. അനിൽ, പി. പ്രസാദ് എന്നിവരെ ആശുപത്രിയിൽ വിളിച്ചുവരുത്തി യോഗം ചേരുകപോലും ചെയ്ത കാനത്തിന്റെ വിയോഗ വാർത്തയറിഞ്ഞ് മന്ത്രിസഭയൊന്നാകെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അമൃതയിലെത്തിയിരുന്നു.