
കൊച്ചി: ജീവനക്കാരന്റെ ആത്മഹത്യയിലേക്ക് നയിക്കുന്ന വിധം, പൊതുമേഖല സ്ഥാപനമായ ട്രാക്കോ കേബിളിലെ സാമ്പത്തിക പ്രതിസന്ധിക്ക് പിന്നിൽ വൈദ്യുതി ബോർഡിന്റെ നയംമാറ്റവും. ട്രാക്കോയുടെ വയറിംഗ് കേബിളുകൾ, കണ്ടക്‌ടറുകൾ എന്നിവയുടെ പ്രധാന ഉപഭോക്താക്കൾ വൈദ്യുതി ബോർഡാണ്. ഓർഡർ അനുസരിച്ച് ബോർഡിന് ഉത്പന്നങ്ങൾ നിർമ്മിച്ചുനൽകുമ്പോൾ, നിർമ്മാണച്ചെലവ് പലപ്പോഴും ടെൻഡർ തുകയെക്കാൾ കൂടുതലാവും. നേരത്തെ അധികമായി ചെലവാകുന്ന തുക വയബിലിറ്റി ഗ്യാപ് ഫണ്ട് എന്നപേരിൽ ട്രാക്കോയ്‌ക്ക് നൽകി നഷ്‌ടം നികത്തിയിരുന്നു. എന്നാൽ നാലുവർഷം മുമ്പ് സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ബോർഡ് ഇത് അവസാനിപ്പിച്ചു.
ബോർഡിന്റെ ഓർഡറുകൾക്ക് അസംസ്‌കൃത വസ്‌തുക്കൾ വാങ്ങാൻ പവർ ഫിനാൻസ് കോർപ്പറേഷൻ ട്രാക്കോയ്ക്ക് വായ്‌പ നൽകും. 100 കോടി രൂപയുടെ ഓർഡറിന് 80 കോടി ലഭിക്കും. ഉത്പന്നങ്ങൾ കൈമാറുമ്പോൾ വായ്‌പത്തുക വിലയായി കണക്കാക്കും. എന്നാൽ അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റവും നിർമ്മാണച്ചെലവ് വർദ്ധനവും കാരണം വായ്‌പ തിരിച്ചടവ് മുടങ്ങി. നിലവിൽ 89 കോടി രൂപ പവർ ഫിനാൻസ് കോർപ്പറേഷന് ട്രാക്കോ കേബിൾ നൽകാനുണ്ട്.
സ്ഥാപനത്തിൽ 12 മാസമായി ജീവനക്കാർക്ക് ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ നൽകിയിട്ടില്ല. കഴിഞ്ഞ മാസം ഉണ്ണി എന്ന ജീവനക്കാരൻ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ആത്മഹത്യ ചെയ്തിരുന്നു.
സ്ഥലം എണ്ണക്കമ്പനിക്ക് നൽകണം
പാട്ടഭൂമിയായതിനാൽ ട്രാക്കോയുടെ ഇരുമ്പനത്തെ സ്ഥലം ഇൻഫോപാർക്കിന് കൈമാറി പണം വാങ്ങാനാകുന്നില്ല. ട്രാക്കോയോട് ചേർന്നുള്ള കേന്ദ്ര പൊതുമേഖലാ എണ്ണക്കമ്പനികളായ ബി.പി.സി.എൽ, ഐ.ഒ.സി എന്നിവയ്ക്ക് വിപണിവിലയിൽ സ്ഥലം കൈമാറണമെന്ന നിർദ്ദേശം ജീവനക്കാർ മുന്നോട്ടുവച്ചിട്ടുണ്ട്. ഇതിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് പ്രതിസന്ധി മറികടക്കാനാകും.
ധൂർത്തിന് കുറവില്ല
ചെയർമാൻ പദവിയിലെ രാഷ്ട്രീയനിയമനവും ധൂർത്തായെന്ന് ജീവനക്കാർ പറയുന്നു. പ്രതിമാസം 30,000 രൂപ അലവൻസും ഡ്രൈവറുൾപ്പെടെ കാറും മറ്റുമാണ് ചെയർമാന് ലഭിക്കുന്നത്. ഒരു മുൻ ചെയർമാൻ വിദേശത്ത് താമസിച്ച മൂന്നുമാസവും അലവൻസ് വാങ്ങി. ചർച്ചയായതോടെ തുക തിരിച്ചടച്ചു. എന്നാൽ, മൂന്നു മാസവും കാർ ചെയർമാന്റെ വീട്ടിലായിരുന്നു. ഡ്രൈവർക്ക് മൂന്നു മാസത്തെ വേതനവും കമ്പനി നൽകി.