മൂവാറ്റുപുഴ: പതിറ്റാണ്ടുകൾ പഴക്കമുള്ള മീനച്ചിലാർ പദ്ധതി പുനരുജ്ജീവിപ്പിക്കാനുള്ള ജലസേചന വകുപ്പിന്റെ നീക്കം തടയണമെന്ന് താലൂക്ക് വികസന സമിതിയിൽ ആവശ്യം. ഇത് സംബന്ധിച്ച് പ്രമേയം വികസന സമിതി അംഗം സാബു ജോൺ യോഗത്തിൽ അവതരിപ്പിച്ചു. വികസന സമിതി അംഗങ്ങളായ വള്ളമറ്റം കുഞ്ഞ്, സുനിൽ ഇടപ്പലക്കട്ട്, രാമമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി സ്റ്റീഫൻ, ആരക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജൻസി മാത്യു എന്നിവർ ചർച്ചയിൽ പങ്കെടുത്ത് പ്രമേയത്തെ അനുകൂലിച്ച് സംസാരിച്ചു.
ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളിലെ കർഷകർക്ക് പ്രയോജനം ചെയ്യാനാണ് 1974ൽ മൂവാറ്റുപുഴ വാലി പദ്ധതി തയ്യാറാക്കിയത്. മൂവാറ്റുപുഴ, തൊടുപുഴ, കോതമംഗലം, പിറവം, കടുത്തുരുത്തി, ഏറ്റുമാനൂർ, കോട്ടയം എന്നീ നിയമസഭാ മണ്ഡലങ്ങളിലെ 37 പഞ്ചായത്തുകളിലും 5 നഗരസഭകളിലും കർഷകർ ആശ്രയിക്കുന്നത് മൂവാറ്റുപുഴ വാലി പദ്ധതിയാണ്. മൂവാറ്റുപുഴ വാലി പദ്ധതിയെയും ഇതിനെ ആശ്രയിക്കുന്ന ലക്ഷക്കണക്കിന് ജനങ്ങളെയും കർഷകരെയും ബാധിക്കുന്നതിനാൽ മീനച്ചിലാർ പദ്ധതി മരവിപ്പിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടാനാണ് താലൂക്ക് വികസന സമിതി ഐക്യകണ്ഠമായി തീരുമാനിച്ചത്. ഇത് പ്രമേയമായി സർക്കാരിനും ജലസേചന വകുപ്പിനും കൈമാറും. മാത്യു കുഴൽനാടൻ എം.എൽ.എ യോഗത്തിൽ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാധാകൃഷ്ണൻ, തഹസിൽദാർ രഞ്ജിത്ത് ജോർജ്, ഭൂമി ഏറ്റെടുക്കൽ വിഭാഗം തഹസിൽദാർ ബോബി റോസ് രാജേഷ് എന്നിവർ സംസാരിച്ചു.