
കൊച്ചി: നടൻ ദിലീപ് അടക്കമുള്ളവർക്ക് ശബരിമല ദർശനത്തിന് പ്രത്യേക സൗകര്യം ഒരുക്കിയതിന്റെ വീഡിയോ ദൃശ്യങ്ങൾ പരിശോധിക്കുമെന്ന് ഹൈക്കോടതി. ദിലീപും മറ്റും കഴിഞ്ഞദിവസം ഹരിവരാസനം ചൊല്ലി നടയടയ്ക്കുന്ന സമയത്താണ് ശ്രീകോവിലിന് മുമ്പിൽ ഒന്നാം നിരയിൽ നിന്ന് തൊഴുതത്. ഇതിന്റെ സി.സി ടി.വി ദൃശ്യങ്ങൾ ദേവസ്വം ബോർഡ് ഹാജരാക്കി. ഇവർക്ക് എങ്ങനെയാണ് വി.ഐ.പി പരിഗണന ലഭിച്ചതെന്നതിൽ തിങ്കളാഴ്ച സത്യവാങ്മൂലം നൽകണമെന്നും നിർദ്ദേശിച്ചു. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ,ജസ്റ്റിസ് എസ്. മുരളി കൃഷ്ണ എന്നിവരുൾപ്പെട്ട ദേവസ്വംബെഞ്ചാണ് ശബരിമല സ്പെഷ്യൽ കമ്മിഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്വമേധയാ വിഷയത്തിൽ ഇടപെട്ടത്. ഇത്തരം സൗകര്യം നിയമാനുസൃതമല്ലാതെ അനുവദിക്കരുതെന്ന് ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു.