കാക്കനാട്: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ന്യൂ ജനറേഷൻ ബാങ്ക്സ് ആൻഡ് ഇൻഷ്വറൻസ് എംപ്ലോയിസ് യൂണിയന്റെ (എ.ഐ.ടി.യു.സി) നേതൃത്വത്തിൽ എച്ച്.ഡി.എഫ്.സി ബാങ്ക് ടൂവീലർ ലോൺവിഭാഗം തൊഴിലാളികൾ 25 ദിവസമായി നടത്തിവന്ന സമരം വിജയിച്ചു. ടീം സ്പെയ്സ് ഫിനാൻഷ്യൽ സർവീസ് കമ്പനിയുടെ കീഴിലാണ് ഇവർ വർഷങ്ങളായി ജോലിചെയ്യുന്നത്. കമ്പനികളുടെ മാനേജ്മെന്റുമായി യൂണിയൻ നേതൃത്വം നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ജീവനക്കാരുടെ പ്രശ്നങ്ങൾ എത്രയുംവേഗം പരിഹരിക്കാമെന്നു രേഖാമൂലം ഉറപ്പു കിട്ടിയതോടെയാണ് സമരം അവസാനിച്ചത്. തുടർന്ന് നടന്ന വിശദീകരണയോഗം എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. അഷ്റഫ് ഉദ്ഘാടനം ചെയ്തു. എഡിസൺ പീറ്റർ അദ്ധക്ഷനായി. ജില്ലാ സെക്രട്ടറി കെ.എൻ. ഗോപി മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ ജോൺ ലൂക്കോസ്, സി.എസ്. വിനോദ്, അജിത് അരവിന്ദ്, പി.ആർ. ജയശങ്കർ, സുനിൽ ഗോകുൽ, മനോഷ് എന്നിവർ സംസാരിച്ചു. രതീഷ്, ബിജു കുന്നോത്ത് , റോസ് മരിയ, ആഷ്‌ലി ബാലൻ, ദിലീപ് തുടങ്ങിയവർ നേതൃത്വം നൽകി.