മൂവാറ്റുപുഴ: മൊബൈൽ ഉപകരണങ്ങൾ സൂക്ഷിക്കാൻ ഗോഡൗൺ തുടങ്ങുന്നതിനായി എൻ.ഒ.സി നൽകുന്നതിന് കൈക്കൂലി വാങ്ങിയ കേസിൽ വിജിലൻസ് പിടികൂടിയ കൊച്ചി കോർപ്പറേഷൻ പള്ളുരുത്തി മേഖലാ ഓഫീസിലെ മൂന്നു ജീവനക്കാരെ മൂവാറ്റുപുഴ വിജിലൻസ് കോടതി റിമാൻഡ് ചെയ്തു. പള്ളുരുത്തി മേഖലാ ഓഫീസിനു കീഴിലെ ആരോഗ്യ വിഭാഗത്തിന്റെ ഒമ്പതാം സർക്കിൾ ജീവനക്കാരായ ഹെൽത്ത് ഇൻസ്പെക്ടർ ആർ.എസ്. മധു, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഷാനു, കണ്ടിൻജെൻസി ജീവനക്കാരൻ ജോൺ എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. വിജിലൻസ് എസ്.പി. ശശിധരന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പള്ളുരുത്തി നമ്പ്യാപുരത്ത് തുടങ്ങുന്ന ഗോഡൗണിന് എൻ.ഒ.സി ലഭിക്കാൻ അപേക്ഷ നൽകിയ ആലുവ സ്വദേശിയോട് 50,000 രൂപ ആവശ്യപ്പെട്ടെന്നായിരുന്നു പരാതി.10000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടുകയായിരുന്നു. മൂന്നുപേരും ചേർന്നാണ് കൈക്കൂലി ആസൂത്രണം ചെയ്തതെന്ന് വിജിലൻസ് എസ്.പി പറഞ്ഞു.