
സംസ്ഥാന ദുരന്ത പ്രതികരണ നിധി വിഹിതം ചെലവഴിക്കുന്ന മുറയ്ക്കേ, വയനാടിന് തുക അനുവദിക്കൂ എന്ന കേന്ദ്ര നിലപാട് ന്യായമല്ല. അതുപോലെ, യാഥാർത്ഥ്യബോധമില്ലാത്ത കണക്കുകൾ സമർപ്പിക്കുന്ന സംസ്ഥാന നടപടിയും ശരിയല്ല.
വയനാടിന് ധനസഹായം നൽകുന്ന കാര്യത്തിൽ കേന്ദ്ര,സംസ്ഥാന സർക്കാരുകൾ തമ്മിൽ ഹൈക്കോടതിയിൽ വാദം തുടരുകയാണ്. എന്റെ അഭിപ്രായത്തിൽ ഇരുപക്ഷവും തിരുത്തൽ വരുത്തേണ്ടതാണ്. സംസ്ഥാന ദുരന്ത പ്രതികരണ നിധി വിഹിതം ചെലവഴിക്കുന്ന മുറയ്ക്കേ,വയനാടിന് തുക അനുവദിക്കൂ എന്ന കേന്ദ്ര നിലപാട് ന്യായമല്ല. അതുപോലെ,യാഥാർത്ഥ്യബോധമില്ലാത്ത കണക്കുകൾ സമർപ്പിക്കുന്ന സംസ്ഥാന നടപടിയും ശരിയല്ല. വയനാടിന്റെ മുറിവുണങ്ങാത്ത സാഹചര്യത്തിൽ നിവേദനത്തിനൊന്നും കാത്തു നിൽക്കാതെ കേന്ദ്രം പ്രത്യേക ധനസഹായം അനുവദിക്കുകയാണ് വേണ്ടത്. ഇത് പുതിയ കാര്യമല്ല. പല സംസ്ഥാനങ്ങൾക്കും സമീപ കാലത്ത് കോടിക്കണക്കിന് രൂപ അനുവദിച്ചിരുന്നു. ലാവോസ് എന്ന രാജ്യത്തിനു പോലും ദുരന്തനിവാരണത്തിന് ഇന്ത്യ പണം നൽകി. കേരളത്തിന്റെ കാര്യത്തിൽ മാത്രം സാങ്കേതികത പറയുന്നു. അത് രാഷ്ട്രീയ സമീപനമാണ്.
എസ്.ഡി.ആർ.എഫിൽ 677കോടിയുണ്ടെന്നും അതിലേക്ക് കേന്ദ്ര വിഹിതം നൽകിയിട്ടുണ്ടെന്നും പറയുന്നു. ഇത് ഒരു ദുരന്തത്തിന് മാത്രമായി ചെലവിടാൻ മാനദണ്ഡങ്ങൾ അനുവദിക്കുന്നില്ല. വെള്ളപ്പൊക്കം,വരൾച്ച,ഭൂകമ്പം,ചുഴലിക്കാറ്റ് അങ്ങനെ ഏകദേശം 32 ദുരന്തങ്ങൾ കേരളത്തിൽ സംഭവിക്കാം. അങ്ങനെ എന്തെല്ലാമുണ്ടോ അത് പ്രതിരോധിക്കാനും ലഘൂകരിക്കാനുള്ള കരുതൽ ധനമാണ്. ഇനിയിപ്പോൾ വേനലും,വേനൽ മഴയും,ഇടിമിന്നൽ ദുരന്തവും ഉണ്ടായേക്കാം. അതിനാൽ വയനാടിന് കേന്ദ്രം പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം.
കേരളം മുമ്പ് തയ്യാറാക്കിയ പെരുപ്പിച്ച കണക്കുകൾ കോടതിയിൽ വന്നതാണ്. മൃതദേഹ സംസ്കാരത്തിന് 75,000 രൂപ വീതം ചെലവിട്ടുവെന്നെല്ലാം. ഇത് എസ്റ്റിമേറ്റാണെന്ന് വാദിച്ചെങ്കിലും ആക്ച്വൽസ് എന്ന് റിപ്പോർട്ടിൽ എഴുതിയിരുന്നു. എസ്റ്റിമേറ്റ് എന്നാൽ ചെലവിടുന്നതിന് മുൻപുള്ള കണക്കാണ്. ആക്ച്വൽസിൽ ചെറിയ നീക്കുപോക്കുകളാകാം. വലിയ അന്തരം പാടില്ല. ഇക്കാര്യത്തിൽ സംസ്ഥാനം ജാഗ്രത പുലർത്തണം. പൊതുജന സമക്ഷം കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തിയാൽ ഭാവി നിയമതർക്കങ്ങൾ ഒഴിവാക്കാം. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സ്‌റ്റേറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി ഇക്കാര്യങ്ങൾ പരിശോധിച്ച് കേന്ദ്രത്തിന് സമർപ്പിക്കണം. നിയമസഭയിൽ അവതരിപ്പിച്ച് അംഗീകാരം നേടുകയുമാകാം. പഞ്ചായത്ത് തലത്തിൽ ഓരോ ഗുണഭോക്താവിനും നൽകിയത് നോട്ടീസ് ബോർഡിലും വെബ്സൈറ്റിലും പ്രസിദ്ധീകരിച്ച് സുതാര്യത ഉറപ്പാക്കി പരാതികൾ ഒഴിവാക്കണം.
[സംസ്ഥാന ദുരന്തനിവാരണ അതോറിട്ടിയുടെയും ദുരന്തനിവാരണ സെന്ററിന്റെയും മുൻ മേധാവിയാണ് ലേഖിക]