ആലുവ: എടയാറിൽ ക്രഷർ യൂണിറ്റിൽ കരിങ്കല്ല് ഇറക്കുന്നതിനിടെ മറിഞ്ഞ ടോറസ് ലോറിയിൽ നിന്ന് തെറിച്ചുവീണ ഡ്രൈവർ തത്ക്ഷണം മരിച്ചു.
മൂവാറ്റുപുഴ മുളവൂർ പേഴക്കാപ്പിള്ളി നിരഞ്ജനയിൽ അജു മോഹനനാണ് (35) മരിച്ചത്. എടയാർ മക്കപ്പുഴ കവലയിൽ യൂണി പാക്ക് ക്രഷർ യൂണിറ്റിൽ ഇന്നലെ പുലർച്ചെ മൂന്നോടെയാണ് സംഭവം.
കരിങ്കല്ല് ഇറക്കുന്നതിനിടെ ഹൈഡ്രോളിക് ജാക്കി തകരാറിലായതിനെ തുടർന്ന് ലോറി മറിയുകയായിരുന്നു. ഡ്രൈവർ സീറ്റിലുണ്ടായിരുന്ന അജു മോഹനൻ ലോറിയിൽനിന്ന് തെറിച്ചുവീണു. മറ്റാരും ലോറിയിൽ ഉണ്ടായിരുന്നില്ല. സമീപം കൂട്ടിയിട്ടിരിക്കുന്ന ഇരുമ്പ് ഷീറ്റുകളിൽ തലയടിച്ചാണ് വീണത്. ഉടനെ മഞ്ഞുമ്മലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. മൃതദേഹം കളമശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടതിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. സംസ്കാരം ഇന്ന്.
മോഹനന്റെയും സതിയുടെയും മകനാണ്. ഭാര്യ: അനിമോൾ. മക്കൾ: അതുൽകൃഷ്ണ, വേദിക.