
ചോറ്റാനിക്കര: മാല മോഷണവുമായി ബന്ധപ്പെട്ട കേസിൽ പൊലീസ് ചോദ്യം ചെയ്യാൻ സ്റ്റേഷനിലേക്ക് വിളിപ്പിച്ച അയൽവീട്ടിലെ വീട്ടുജോലിക്കാരി
തൂങ്ങിമരിച്ചു. ഇടുക്കി അശോകകവലയിൽ ഈറത്തടത്തിൽ വീട്ടിൽ സുനിലിന്റെ ഭാര്യ സുനിതയാണ് (44) തെക്കിനേത്ത് നിരപ്പത്ത് തേലക്കാട്ട് വർക്കിയുടെ വീട്ടിൽ തൂങ്ങിമരിച്ചത്. വൃദ്ധരായ വർക്കിയേയും ഭാര്യയേയും ശുശ്രൂഷിക്കാനാണ് മൂന്നുമാസംമുമ്പ് സുനിത ഇവിടെ എത്തിയത്. ഇവർ മൂവരും മാത്രമേ വീട്ടിലുള്ളൂ.
സുനിത ജോലിക്ക് നിൽക്കുന്ന വീടിന് സമീപമുള്ള ഒരു വീട്ടിൽനിന്ന് ഒരാഴ്ചമുമ്പ് സ്വർണമാല മോഷണം പോയിരുന്നു. ഇതുസംബന്ധിച്ച് ഗൃഹനാഥൻ സ്റ്റേഷനിൽ പരാതി നൽകി. ചോറ്റാനിക്കര പൊലീസ് അന്വേഷണവുമായി ബന്ധപ്പെട്ട് സുനിത ജോലിചെയ്യുന്ന വീട്ടിൽ ഇന്നലെ വൈകിട്ട് എത്തിയിരുന്നു. സുനിതയുമായി സംസാരിച്ചപ്പോൾ പൊലീസുകാരോട് ആദ്യം തെറ്റായ മേൽവിലാസമാണ് പറഞ്ഞത്. സംശയം തോന്നിയ പൊലീസ് വിശദമായി ചോദ്യംചെയ്യാൻ ഇന്ന് രാവിലെ 10ന് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ട് മടങ്ങി. പൊലീസ് പോയ ഉടനെ സുനിത വീട്ടിലെ മുറിക്കുള്ളിലേക്ക് കയറി. മുറിയിൽനിന്ന് ശബ്ദംകേട്ട വർക്കിയുടെ ഭാര്യ ബഹളംവയ്ക്കുന്നതുകേട്ട് എത്തിയ സമീപവാസികൾ വാതിൽചവിട്ടിപ്പൊളിച്ച് മുറിക്കുള്ളിൽ കയറിയപ്പോൾ തൂങ്ങി നിൽക്കുന്ന നിലയിൽ സുനിതയെ കണ്ടെത്തി. ഉടനെ താഴെയിറക്കി ചോറ്റാനിക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ശുശ്രൂഷ നൽകി തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിൽ.