y

തൃപ്പൂണിത്തുറ: വായു, ജല, ശബ്ദമലിനീകരണം കൊണ്ട് പൊറുതിമുട്ടി ദുരിതജീവിതം നയിക്കുകയാണ് അയ്യൻകുഴിയിലെ 42 കുടുംബങ്ങൾ. ശുദ്ധജലത്തിനും ശുദ്ധവായുവിനും വേണ്ടിയുള്ള അയ്യൻകുഴി നിവാസികളുടെ സമരം 28 ദിവസം പിന്നിട്ടു. വടവുകോട് - പുത്തൻകുരിശ് പഞ്ചായത്തിലെ 16-ാം വാർഡിലെ അമ്പലമുകൾ അയ്യൻകുഴി പ്രദേശത്തെ ഇവരുടെ ദുരിത ജീവിതം തുടങ്ങിയിട്ട് 40 വർഷമായി. രണ്ട് വ്യവസായ സ്ഥാപനങ്ങളുടെ മതിലുകളുടെ ഇടയിലുള്ള റോഡിലൂടെ മാത്രമേ ഇവർക്ക് വീട്ടിലെത്താൻ സാധിക്കൂ. പ്രദേശത്ത് നിറയുന്ന കറുത്ത പുക ഇവരിൽ പലരെയും മാറാരോഗികളാക്കി. പ്രദേശത്തെ കുടിവെള്ള സ്രോതസായ വലിയതോട് മലിനമായതോടെ കിണറുകളിലെ വെള്ളം ഉപയോഗിക്കാൻ പറ്റാതായി. ഗതികെട്ട് 18 ഓളം കുടുംബങ്ങൾ വീട് ഉപേക്ഷിച്ച് വാടകയ്ക്ക് മറ്റിടങ്ങളിലേക്ക് ചേക്കേറി.

1984ൽ കമ്പനിക്കായി 100 ഏക്കറിലധികം ഭൂമി ഏറ്റെടുത്തതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. ഈ കുടുംബങ്ങൾ താമസിക്കുന്ന 9.5 ഏക്കർ ഒഴിവാക്കി. ഇതോടെ ഈ 42 കുടുംബങ്ങൾ കമ്പനികൾക്കിടയിലായി. അന്നുമുതലാണ് പ്രതിഷേധം ആരംഭിച്ചത്. അയ്യൻകുഴി നിവാസികളുടെ ഭൂമി ഏറ്റെടുക്കുമെന്ന് പറഞ്ഞെങ്കിലും പാലിക്കപ്പെട്ടില്ല. കോടതി ഇക്കാര്യം രണ്ട് കമ്പനികളോടും ചോദിച്ചെങ്കിലും തങ്ങൾക്ക് പുതിയ പദ്ധതികളോ സാമ്പത്തികശേഷിയോ ഇല്ലെന്ന് അറിയിച്ച് ഇവർ പിൻമാറി.

രോഗങ്ങൾകൊണ്ട് പൊറുതിമുട്ടി

ആവാസയോഗ്യമല്ലെന്ന് കോടതികൾ പോലും വിധിയെഴുതിയ പ്രദേശത്തെ പാവപ്പെട്ട കുടുംബാംഗങ്ങൾ കാൻസർ, ശ്വാസകോശം ചുരുങ്ങുന്ന സി.ഒ.പി.ഡി, ത്വക് രോഗം എന്നിവയാൽ വലയുകയാണ്. പിറന്നുവീഴുന്ന കുഞ്ഞുങ്ങളും രോഗികളാണെന്ന് അമ്മമാർ പറയുന്നു. മഴയത്തും മഞ്ഞുകാലത്തും താഴോട്ടിറങ്ങുന്ന കറുത്തപുകയ്ക്ക് കടുത്ത വിഷമായ പരാമറിന്റെ രൂക്ഷഗന്ധമാണ്. ശ്വാസം മുട്ട്, കണ്ണെരിഞ്ഞ് വെള്ളമൊഴുകുക, തൊണ്ടവേദന, ഓക്കാനിക്കാൻ തോന്നുക, ചൊറിച്ചിൽ എന്നീ അനുഭവമുള്ള പലരും ദിവസേന ചികിത്സ തേടുകയാണ്.

 മാനദണ്ഡങ്ങൾ പാലിക്കുന്നില്ല

മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ കമ്പനികൾ പാലിക്കുന്നില്ലെന്നാണ് പ്രധാന ആരോപണം. ഓൺലൈൻ എമിഷൻ ഡാറ്റയും അന്വേഷണങ്ങളും അനുസരിച്ച് പ്ലാന്റുകളിൽ അസാധാരണമായി ഒന്നുമില്ലെന്നും ശീതകാല കാലാവസ്ഥയാണ് പുകയ്ക്കും മണത്തിനും കാരണമെന്നാണ് പി.സി.ബിയുടെ അവസാന കണ്ടെത്തൽ. പരിസ്ഥിതി നിയമ പ്രകാരം ഇത്തരം കമ്പനികൾക്കു ചുറ്റുമായി കുറഞ്ഞത് 500 മീറ്റർ ഗ്രീൻ ബെൽറ്റും (മരങ്ങൾ), ബഫർ സോണും വേണമെന്നാണ് നിയമം. എന്നാൽ വീടുകളെല്ലാം പ്ലാന്റിന്റെ 150 മീറ്റർ ഉള്ളിലാണ്. ചില വീടുകളിൽ നിന്ന് പ്ളാന്റിലേക്ക് കേവലം 50 മീറ്റർ മാത്രമാണ് ദൂരം.

തികച്ചും മനുഷ്യാവകാശ ലംഘനമാണ് ഇവിടെ നടക്കുന്നത്. ഇവരെ രക്ഷിക്കാനുള്ള ബാദ്ധ്യത സമൂഹത്തിനുണ്ട്. സ്ഥലം ഏറ്റെടുക്കുകയോ പാർപ്പിട സമുച്ചയം പണിത് ഇവരെ മാറ്റിപ്പാർപ്പിക്കുകയോ വേണം.

പ്രമോദ് ലൂക്കോസ്

പ്രസിഡന്റ്

അമ്പലമുഗൾ സൗത്ത് വെസ്റ്റ് റെസിഡന്റ്സ് അസോ.