ഇലഞ്ഞി: പിറവം, ഇലഞ്ഞി പഞ്ചായത്തുകളുടെ പരിധിയിലുള്ള കൊച്ചേരിതാഴം - ചീപ്പുംപടി- പെരുമ്പടവം പള്ളിപ്പടി -വളയമ്പ്ര റോഡ് നവീകരണത്തിന് രണ്ടു കോടി രൂപയിലേറെ മുടക്കിയിട്ടും ബാക്കിയായത് ദുരിത യാത്രമാത്രം.
ഭാരത നിർമ്മാണം, പ്രധാന മന്ത്രി ഗ്രാമീണ റോഡ് പദ്ധതി പ്രകാരമാണ് നവീകരണത്തിനായി 2022ൽ ഈ റോഡ് പൊളിച്ചത്. 2023 മാർച്ചിൽ പണി പൂർത്തിയാക്കണമെന്നായിരുന്നു കരാർ. എന്നാൽ റോഡ് കുത്തിപ്പൊളിച്ച് മെറ്റൽ നിരത്തിയതല്ലാതെ മറ്റൊന്നും കരാറുകാരനായ കെ മുഹമ്മദ് സക്കീർ ഇതുവരെ ചെയ്തില്ല.
പദ്ധതി ആരംഭിച്ചപ്പോൾ കൊച്ചേരിത്താഴം മുതൽ മുത്തംകുന്ന് വരെയായിരുന്നു റോഡ് നവീകരണം ലക്ഷ്യമിട്ടിരുന്നത്. തുടർന്ന് കരാർ തുക കുറവാണെന്ന് കാട്ടി നവീകരണം കൊച്ചേരി താഴം മുതൽ വളയമ്പ്ര വരെയാക്കി.
നിലവിൽ പണി പൂർത്തികരിക്കാതെ തകർന്നു കിടക്കുന്ന ഈ റോഡിൽ അപകടങ്ങൾ നിത്യ സംഭവമാണ്. ഓട്ടോറിക്ഷ പോലും ഇതുവഴി വരാത്ത അവസ്ഥയാണ്. സ്കൂൾ ബസുകൾക്കും സമീപത്തെ ചാരിറ്റബിൾ ഹോസ്പിറ്റലിലേക്ക് രോഗികളുമായി വരുന്ന വാഹനങ്ങൾക്കുമുള്ള ഏക ആശ്രയമാണ് ഈ വഴി. വെയിൽ സമയത്ത് ദുരിത യാത്രക്കൊപ്പം പൊടി ശല്യവും രൂക്ഷമാണ്. ശക്തമായ മഴയത്ത് റോഡിന്റെ വശങ്ങൾ പലയിടത്തും ഒലിച്ചു പോയിട്ടുമുണ്ട്.
കരാറുകാരൻ നവീകരണം നടത്താതെ റോഡ് നശിപ്പിക്കുകയാണ് ചെയ്തത്. ഇതിന് പി.എം.ജി. എസ്.വൈയുടെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ സാജൻ കൂട്ടുനിന്നു. കരാറുകാരന് പണം മുഴുവൻ നൽകിയെന്നാണ് അറിയുന്നത്. പരാതി പറഞ്ഞപ്പോൾ പൊതുജനത്തെ ബോധിപ്പിക്കേണ്ടതില്ലെന്നാണ് എൻജിനിയറുടെ പ്രതികരണം. എൻജിനിയറുടെ വീഴ്‌ചയാണ് ഈ റോഡ് നശിക്കുവാനുള്ള പ്രധാന കാരണം. പുതിയ ടെൻഡർ നടപടികൾ നടത്തി റോഡിന്റെ പണി ഉടൻ പൂർത്തിയാക്കണം,
ജോൺ പീറ്റർ
ലോക്കൽ സെക്രട്ടറി
സി.പി.ഐ, ഇലഞ്ഞി
അഴിമതി നടത്തി കരാറുകാരൻ മുഹമ്മദ് സക്കീറും ചില രാഷ്ട്രീയക്കാരും ചേർന്ന് റോഡ് താറുമാറാക്കി. വഴിയോട് ചേർന്നുള്ള പള്ളികൾ, ചാരിറ്റബിൾ ഹോസ്പിറ്റൽ, അങ്കണവാടി, ആശുപത്രി സബ് സെന്റർ തുടങ്ങിയ ഭാഗങ്ങളിലേക്ക് ജനങ്ങൾക്ക് എത്തിച്ചേരാൻ കഴിയുന്നില്ല. മുഖ്യ മന്ത്രിക്കും ജില്ലാ കളക്ടർക്കും പഞ്ചായത്ത് ഭരണ സമിതിയും നാട്ടുകാരും പരാതി നൽകിയിട്ടുണ്ട്.
ഷേർളി ജോയി,
വൈസ് പ്രസിഡന്റ്
ഗ്രാമപഞ്ചായത്ത്
ഇലഞ്ഞി
റോഡിന്റെ ആകെ നീളം 4. 03 കിലോമീറ്റർ
നവീകരണത്തിനായി അനുവദിച്ചത്
2,02,54,450 രൂപ
5 വർഷത്തെ അറ്റകുറ്റപ്പണികൾക്കായി
18,22,900 രൂപ