മൂവാറ്റുപുഴ: പ്ലൈവുഡ് മില്ലുകളിലേക്ക് എം.സി.റോഡിലൂടെ വരുന്ന ലോറികളിലെ അമിത ഭാരവും അപകടകരമായ രീതിയിൽ പുറത്തേയ്ക്ക് തടികൾ തള്ളിനിൽക്കുന്നതും ഒഴിവാക്കണമെന്ന എറണാകുളം എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒയുടെ നിർദ്ദേശത്തിന് പുല്ലുവില. കോതമംഗലം പെരുമ്പാവൂർ - മൂവാറ്റുപുഴ പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന പ്ലൈവുഡ് കമ്പനികളിലേക്കായി ദിവസവും അഞ്ഞൂറിലധികം ഭാരവാഹനങ്ങൾ തടിയുമായി എം.സി റോഡ് വഴി എത്തുന്നത്. ഇവ വിവിധ വെയ്ബ്രിഡ്ജുകളിൽ തൂക്കം നോക്കി വില നിശ്ചയിച്ചു കഴിഞ്ഞ ശേഷമാണ് പായിപ്ര, മാനാറി, ത്രിവേണി, മേതല എന്നീ പ്രദേശങ്ങളിലെ പ്ലൈവുഡ് കമ്പനികളിലേക്ക് എത്തുന്നത്. പൊതുമരാമത്തു വകുപ്പിന്റെയും പഞ്ചായത്തിന്റെയും റോഡുകളിലൂടെയാണ് അമിതഭാര ലോറികൾ രാത്രി കാലങ്ങളിലുൾപ്പടെ പോകുന്നത്. അമിത ഭാരം കയറ്റിയ ലോറികളെ താങ്ങാൻ കഴിയുന്ന തരത്തിലുള്ള റോഡുകളല്ല ഗ്രാമീണ മേഖലയിലുള്ളത്. ഇതുമൂലം റോഡുകളെല്ലാ തകരുകയാണ്.
നിശ്ചിത ടൺ ഭാരം കയറ്റിയ ഭാരവണ്ടികൾ മാത്രമെ ഗ്രാമീണ റോഡുകളിലൂടെ പോകാവൂ എന്ന കോടതിവിധിയുള്ളപ്പോഴാണ് പായിപ്ര - മാനാറി പ്രദേശങ്ങളിൽ വ്യാപക നിയമലംഘനം നടക്കുന്നത്. തടി കയറ്റി വരുന്ന വാഹനങ്ങൾ മൂലം പഞ്ചായത്ത് റോഡ് തകരുകയും വൈദ്യുതി കമ്പികൾ പൊട്ടുകയും മറ്റ് നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്യുന്നതായി നിരവധി പരാതികൾ ഉയരുന്നുണ്ട്.
നടപ്പാക്കേണ്ട നിർദ്ദേശങ്ങൾ
തടി കയറ്റി വരുന്ന വാഹനങ്ങളുടെ യാത്ര റോഡിലെ വലിയ തിരക്കുള്ള സമയത്ത് ഒഴിവാക്കണം വാഹനത്തിന്റെ കാബിൻ ലെവലിൽ മുകളിലേക്കും വശങ്ങളിലേക്കും തടി തള്ളി നിൽക്കുന്നത് ഒഴിവാക്കണം വാഹനങ്ങളുടെ വശങ്ങളിൽ വാണിംഗ് ലൈറ്റുകളും റിഫ്‌ളക്ടീവ് സ്റ്റിക്കറുകളും സ്ഥാപിക്കണം ഭാര വാഹനങ്ങൾ ചെറിയ റോഡുകളിൽകൂടിയുള്ള സഞ്ചാരം ഒഴിവാക്കണം ലോറി ഡ്രൈവർമാർ പരിചയസമ്പന്നരായിരിക്കണം ഡ്രൈവർമാർ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണം