malta-smart-city

കൊച്ചി: ദുബായ് ആസ്ഥാനമായ ടീകോം ഇൻവെസ്റ്റ്മെന്റ്സ് കൊട്ടിഘോഷിച്ചു നടപ്പാക്കിയ മാൾട്ട സ്മാർട്ട്സിറ്റിയും വൻ പരാജയം. കൊച്ചി സ്മാർട്ട്സിറ്റിക്കൊപ്പം പ്രഖ്യാപിച്ച 275 ദശലക്ഷം യൂറോ (2500 കോടി രൂപ)യുടെ പദ്ധതിയാണ് ദക്ഷിണ യൂറോപ്യൻ രാജ്യമായ മാൾട്ടയിൽ അടിതെറ്റിയത്. സമീപകാലത്ത് ഇത് റിയൽ എസ്റ്റേറ്റ് വില്ല പദ്ധതിയാക്കി മാറ്റാൻ രഹസ്യകരാർ വച്ചെങ്കിലും അതും നടന്നില്ല.

2007ൽ മാൾട്ടയുടെ അന്നത്തെ പ്രധാനമന്ത്രി ലോറൻസ് ഗോൺസിയാണ് കൽകാര എന്ന സ്ഥലത്ത് സ്മാർട്ട്സിറ്റി ഉദ്ഘാടനം ചെയ്തത്. അവിടത്തെ റികാസോളി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻസ് ടെക്‌നോളജി വില്ലേജാക്കി മാറ്റുമെന്നായിരുന്നു പ്രഖ്യാപനം. 3,60,000 ചതുരശ്രമീറ്റർ വിസ്തീർണത്തിൽ വികസിപ്പിക്കുമെന്നും പൂർണസ‌ജ്ജമാകുമ്പോൾ 11,000 തൊഴിലവസരങ്ങൾ സൃഷിക്കുമെന്നും പറഞ്ഞു. കൊച്ചി പദ്ധതി ഇഴഞ്ഞപ്പോൾ, സ്മാർട്ട്സിറ്റിയുടെ ഗതിവേഗത്തിന് മാതൃകയായി മാൾട്ടയിലെ സംരംഭത്തെയാണ് വിമ‌ർശകർ ഉയർത്തിക്കാട്ടിയിരുന്നത്.

അടിതെറ്റിയത് സ്ഥലം കൈക്കലാക്കാനുള്ള തന്ത്രം

കേവലം അഞ്ചരലക്ഷം ജനസംഖ്യയുള്ള മെഡിറ്ററേനിയൻ ദ്വീപുരാജ്യമാണ് മാൾട്ട. ഐ.ടി ഹബ്ബുകളുടെ പേരിൽ ഏക്കർ കണക്കിന് സ്ഥലം കൈക്കലാക്കാനുള്ള തന്ത്രമാണ് ദുബായ് കമ്പനി ഇവിടെയും പയറ്റിയതെന്ന് വ്യക്തമാണ്.

മാൾട്ട പദ്ധതിയുടെ ഓഫീസ് 2010ൽ തുറന്നെങ്കിലും നാമമാത്രമായ ഐ.ടി സ്ഥാപനങ്ങളേ എത്തിയുള്ളൂ. സ്മാർട്ട്സിറ്റികളിൽ നിന്ന് പിന്മാറാനുള്ള ടീകോമിന്റെ തീരുമാനവും മാതൃസ്ഥാപനമായ ദുബായ് ഹോൾഡിംഗ്സ് തലപ്പത്തെ മാറ്റങ്ങളുമാണ് തിരിച്ചടിയായത്.

സ്മാർട്ട് സിറ്റിയുടെ തുടർവികസനം ഉപേക്ഷിക്കുകയാണെന്നും ശേഷിക്കുന്ന ഭൂമി റിയൽ എസ്റ്റേറ്റിൽ നിക്ഷേപിക്കാനാണ് തീരുമാനമെന്നും കമ്പനി 2018ൽ വെളിപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് നിലവിലെ പ്രധാനമന്ത്രി റോബർട്ട് അബേലയുമായി രഹസ്യകരാർ ഒപ്പിട്ടെന്നും ആരോപണമുണ്ടായിരുന്നു.

മാസ്റ്റർ പ്ലാൻ പുതുക്കിയെങ്കിലും പ്ലാനിംഗ് അതോറിറ്റി തടഞ്ഞുവച്ചിരിക്കുകയാണ്. അതിനിടെ, 2018 മുതൽ മാൾട്ട സ്മാ‌ർ‌ട്ട് സിറ്റിയെ നയിച്ച സി.ഇ.ഒ എഡ്മോണ്ട് ബ്രിൻക്യാറ്റ് രാജിവച്ചു.

കരാറിലെ കാണാച്ചരടുകൾ കാരണം നഷ്ടപരിഹാരമടക്കം കീറാമുട്ടിയാകുമെന്നാണ് മാൾട്ട മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

മൊറോക്കോയിലും പാളി

തലസ്ഥാനമായ റബാത്തിനടുത്ത് ബോർഗ്രെജ് നദിക്കരയിൽ 200 കോടി ഡോളറിന്റെ പദ്ധതിയും ദുബായ് ഹോൾഡിംഗ്സ് 2005ൽ പ്രഖ്യാപിച്ചിരുന്നു. ഇത് തുടക്കത്തിലേ റിയൽ എസ്റ്റേറ്റ് പദ്ധതിയായാണ് ആവിഷ്കരിച്ചത്. 2000 അപ്പാർട്ട്മെന്റുകൾ, 300 റീട്ടെയ്ൽ ഔട്ട്ലറ്റുകൾ, മാളുകൾ, പാർക്കുകൾ, തിയേറ്ററുകൾ എന്നിങ്ങനെയായിരുന്നു വാഗ്ദാനം. എന്നാൽ ഒരു ഗ്രാൻഡ് തിയേറ്റർ മാത്രമാണ് ഇതുവരെ പണിതീർത്തത്.