g

ചോറ്റാനിക്കര: ശാരീരിക ബുദ്ധിമുട്ടുകളൊന്നും വകവയ്ക്കാതെ വീൽചെയറിൽ കൊണ്ടോട്ടി സ്വദേശിയായ കണ്ണൻ മലകയറും. മലപ്പുറത്ത് നിന്നുള്ള കണ്ണന്റെ വീൽചെയറിലുള്ള ശബരിമല യാത്ര കഴിഞ്ഞ 25 ന് തുടങ്ങിയതാണ്. പെട്രോൾ പമ്പ്, ക്ഷേത്രങ്ങളിലും അന്തിയുറങ്ങിയാണ് ശബരിമലയിലേക്കുള്ള യാത്ര.

യാത്രയ്ക്കു വേണ്ട തുക കണ്ടെത്താൻ ക്ഷേത്ര പരിസരത്ത് ബലൂൺ കച്ചവടം നടത്തും. കടുത്ത അയ്യപ്പ വിശ്വാസിയായ കണ്ണൻ മുടങ്ങാതെ മൂന്നാം വർഷമാണ് മലചവിട്ടുന്നത്. ബലൂൺ വില്പനയ്ക്ക് പുറമേ സുമനസുകളുടെ സഹായവും യാത്രയ്ക്കുണ്ടെന്ന് കണ്ണൻ പറയുന്നു. പമ്പയിൽ വച്ച് കെട്ട്നിറയ്ക്കാനാണ് തീരുമാനം. ശബരിമലക്കും അവിടെ നിന്ന് 18-ാം പടിയും കയറാൻ പ്രയാസമാണെങ്കിലും അയ്യപ്പൻ വഴികാട്ടുമെന്ന പ്രതീക്ഷയിലാണ് കണ്ണൻ.

തമിഴ്നാട് മുത്തുപ്പേട്ട സ്വദേശിയായ കണ്ണൻ വർഷങ്ങളായി കൊണ്ടോട്ടിയിലാണ് താമസിക്കുന്നത്. വിദ്യാഭ്യാസം ഒന്നുമില്ലാത്ത കണ്ണൻ നിർമ്മാണ തൊഴിലാളിയായിരുന്നു. നിർമ്മാണ മേഖലയിൽ പണി കുറഞ്ഞപ്പോൾ മരംവെട്ട് ജോലിക്ക് പോയി. തടി കാലിൽ വീണതിനെ തുടർന്ന് ഒരു കാൽ മുറിച്ചു മാറ്റുി. ഇതോടെ ജീവിതം വീൽച്ചെയറിലായി. മറ്റൊരു കാലിന്റെ സ്വാധീനം നഷ്ടപ്പെടുകയും ചെയ്തു. തുടർച്ചയായ മൂന്നാമത്തെ വർഷമാണ് കണ്ണൻ ശബരിമലയിലേക്ക് വീൽചെയറിൽ പോകുന്നത്. എരുമേലിയിൽ എത്തിയിട്ട് ദേവസ്വം ജീവനക്കാരുടെ നിർദ്ദേശപ്രകാരം പമ്പ വരെ വീൽചെയറിൽ പോകാൻ കഴിയുമെങ്കിൽ അങ്ങനെ പോകണമെന്നാണ് ആഗ്രഹം. ഭാര്യ സതീദേവി.