pwd
ആലുവ റെയിൽവേ സ്റ്റേഷന് സമീപം സബ് ജയിൽ റോഡ് ആരംഭിക്കുന്ന ഭാഗത്ത് ആഴ്ചകളായി തുറന്നുകിടന്ന പൊതുകാനക്ക് മുകളിൽ ഇന്നലെ സ്ളാബുകൾ സ്ഥാപിച്ചപ്പോൾ

ആലുവ: ഒരു വർഷത്തോളമായി ഇഴഞ്ഞുനീങ്ങിയിരുന്ന ആലുവ നഗരഹൃദയത്തിലെ നടപ്പാത നിർമ്മാണം പുന:രാരംഭിച്ചു. 'പാതിവഴിയിൽ നിലച്ച നടപ്പാത നിർമ്മാണം, ആലുവയിൽ അപകടം പതിവ്' എന്ന തലക്കെട്ടിൽ ശനിയാഴ്ച 'കേരളകൗമുദി' പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്നാണ് അധികൃതരുടെ അടിയന്തര ഇടപെടലുണ്ടായത്.

ഇതിന്റെ ഭാഗമായി റെയിൽവേ സ്റ്റേഷന് എതിർവശം പഴയ ബസ് സ്റ്റാൻഡ് കവലയിലെ പൊതുകാനയുടെ മുകളിൽ ഇന്നലെ കോൺക്രീറ്റ് സ്ളാബുകൾ ഇട്ടു. പമ്പ് കവലയിൽ നിന്ന് റെയിൽവേ സ്റ്റേഷൻ ഭാഗത്തേക്കുള്ള നടപ്പാതയുടെ മുകളിൽ നിരത്തുന്നതിനുള്ള ടൈലുകളും ഇന്നലെ എത്തിച്ചിട്ടുണ്ട്.

പി.ഡബ്ല്യു.ഡിയുടെ നേതൃത്വത്തിൽ നഗരത്തിൽ സബ് ജയിൽ റോഡ്, റെയിൽവേ സ്റ്റേഷൻ, മുനിസിപ്പൽ ഓഫീസ് റോഡ് ഭാഗങ്ങളിൽ ഒരു വർഷം മുമ്പാണ് നടപ്പാത നവീകരണം ആരംഭിച്ചത്. ഇതുവരെ നിർമ്മാണം പൂർത്തിയായില്ലെന്ന് മാത്രമല്ല അപകടക്കെണിയാകുകയും ചെയ്തു. ഏറ്റവും അധികം ആളുകൾ സഞ്ചരിക്കുന്ന റെയിൽവേ സ്റ്റേഷൻ സ്‌ക്വയറിൽ പോലും കാന സ്‌ളാബ് ഇല്ലാതെ തുറന്നു കിടക്കുകയായിരുന്നു. ഇതാണ് ചിത്രം സഹിതം കേരളകൗമുദി പ്രസിദ്ധീകരിച്ചത്.

നടപ്പാത നിർമ്മാണത്തിൽ എന്ത് അപാകത ഉണ്ടായാലും നഗരസഭ ഇടപെടുന്നില്ലെന്ന് ആരോപണം. നഗരസഭക്ക് പണച്ചെലവില്ലെങ്കിലും അപാകതകൾ ചൂണ്ടികാട്ടണമെന്ന് വ്യാപാരികൾ. ബൈപ്പാസ്, ബാങ്ക് കവല ഭാഗങ്ങളിൽ കൊച്ചി മെട്രോ നടപ്പാത നിർമ്മിച്ചപ്പോഴും നഗരസഭ ഇടപെടാത്തതിനാൽ വീതി കുറഞ്ഞ റോഡുകളിൽ പോലും വീതി കൂടിയ നടപ്പാത നിർമ്മിച്ചത് വിവാദമായിരുന്നു.

അശാസ്ത്രീയമായ നിർമ്മാണമാണ് നടക്കുന്നതെന്ന ആരോപണം ശക്തംറെയിൽവേ സ്റ്റേഷൻ റോഡിൽ റോഡ് നിരപ്പിൽ നിന്ന് ഒരടിയോളം ഉയരത്തിലായിരുന്നു നേരത്തെ നടപ്പാതകാന നവീകരിച്ച് പുതിയ സ്ളാബുകൾ സ്ഥാപിച്ചപ്പോൾ റോഡിൽ നിന്ന് അര അടി താഴെയായി ചുരുങ്ങി ഇതോടെ നടപ്പാതയിലേക്ക് വാഹനങ്ങൾ കയറ്റി പാർക്ക് ചെയ്യുന്ന അവസ്ഥയായി സ്ളാബിന് മുകളിൽ ടൈൽ വിരിക്കുമ്പോൾ ഉയരം കൂടുമെന്ന് പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥരുടെ വിശദീകരണം

ഇനിയുള്ള ദിവസങ്ങളിൽ നടപ്പാത നിർമ്മാണ പ്രവൃത്തികൾ അതിവേഗം നടക്കും. നിർമ്മാണ സാമഗ്രികളെല്ലാം എത്തിച്ചിട്ടുണ്ട്.

സിനോജ് ജോയി

അസി. എക്‌സിക്യുട്ടീവ്

എൻജിനിയർ

പി.ഡബ്ല്യു.ഡി