 
ആലുവ: പുതുവർഷത്തെ വരവേൽക്കാൻ ജില്ലയിലെ ഏറ്റവും വലിയ പ്രകൃതിദത്ത തടാകമായ കുട്ടമശേരി തുമ്പിച്ചാലും ഒരുങ്ങി. തുമ്പിച്ചാൽ കൂട്ടത്തിന്റെ നേതൃത്വത്തിൽ 11 ദിവസം നീണ്ടുനിൽക്കുന്ന 'തുമ്പിച്ചാൽ ഫെസ്റ്റ്' ഡിസംബർ 21ന് ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു.
തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണ്. നിരവധി ആളുകൾ പ്രഭാത സവാരിക്കും സായാഹ്നം ആസ്വദിക്കുന്നതിനും എത്തുന്ന തുമ്പിച്ചാലിൽ കഴിഞ്ഞ രണ്ടു വർഷങ്ങളായി തുമ്പിച്ചാൽ ഫെസ്റ്റ് സംഘടിപ്പിക്കുന്നുണ്ട്. ഇക്കുറി കൂടുതൽ ആകർഷകമായ പരിപാടികളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. പത്തേക്കറോളം വരുന്ന തുമ്പിച്ചാൽ തടാകം ഏവരെയും ആകർഷിക്കുന്നതാണ്. തടാകത്തോട് ചേർന്നുള്ള 30 ഏക്കറിലധികം വരുന്ന വിശാലമായ പാടശേഖരവും കുട്ടമശേരി - തടിയിട്ട്പറമ്പ് റോഡിന് കുറുകെ കടന്നു പോകുന്ന തുമ്പിച്ചാൽ -ചാലക്കൽ തോടും മനസിന് കുളിർമയേകുന്ന അനുഭവമാണ്. കീഴ്മാട് ഗ്രാമപഞ്ചായത്തംഗങ്ങളായ രജീഷിന്റെയും സതീഷൻ കുഴിക്കാട്ടുമാലിയുടെയും നേതൃത്വത്തിലാണ് ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്. ഒരുക്കങ്ങളുടെ ഭാഗമായി കീഴ്മാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ തുമ്പിച്ചാൽ തടാക ശുചീകരണം പൂർത്തിയായി. 21ന് തടാകത്തിന് ചുറ്റും ആയിരത്തോളം നക്ഷത്രങ്ങൾ തെളിയും. വിളംബരയാത്ര, ബാൻഡ് മേളം, ഗാനസന്ധ്യ, കുട്ടികളുടെ പരിപാടികൾ, ഡി.ജെ പാർട്ടി, കോൽക്കളി, നാട്ടരങ്ങ്, മെഗാഷോ തുടങ്ങിയ നിരവധി പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്.