
വൈപ്പിൻ: മുനമ്പം വഖഫ് ഭൂമി പ്രശ്‌നം 90 ദിവസത്തിനകം പരിഹരിക്കുമെന്ന സംസ്ഥാന സർക്കാരിന്റെ വാഗ്ദാനം വെറുതെയാണെന്ന് ബി.ജെ.പി നേതാവും കേരള പ്രഭാരിയുമായ പ്രകാശ് ജാവദേക്കർ പറഞ്ഞു. സംസ്ഥാന സർക്കാർ വിചാരിച്ചാൽ 90 മാസം കഴിഞ്ഞാലും ഈ പ്രശ്നം പരിഹരിക്കാനാവില്ലെന്ന് ഇന്നലെ മുനമ്പം സമരവേദിയിലെത്തിയ അദ്ദേഹം പറഞ്ഞു.
ജുഡിഷ്യൽ കമ്മിഷനെ നിയോഗിച്ചതുവഴി മുനമ്പം വിഷയത്തെ പ്രാദേശിക വിഷയമാക്കി ഒത്തുതീർപ്പാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. ഇത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ വേണ്ടിയുള്ള തന്ത്രം മാത്രമാണ്. വഖഫ് നിയമ ഭേദഗതിയിലൂടെ മാത്രമേ മുനമ്പം വിഷയത്തിന് ശാശ്വതമായ പരിഹാരം കാണാൻ കഴിയൂ. ഭരണഘടനയ്ക്ക് മുകളിലുള്ള വഖഫിന്റെ അവകാശങ്ങൾ നിയമനിർമ്മാണത്തിലൂടെ പരിഹരിക്കും. പാർലമെന്റിന്റെ ബഡ്ജറ്റ് സമ്മേളനത്തിൽ തന്നെ വഖഫ് ഭേദഗതി നിയമം പാസാക്കുമെന്നും പ്രകാശ് ജാവദേക്കർ പറഞ്ഞു. മുനമ്പം ഭൂമിപ്രശ്നം കൃത്യമായി സംയുക്ത പാർലമെന്ററി സമിതിയുടെ (ജെ.പി.സി) റിപ്പോർട്ടിൽ പരാമർശിക്കുമെന്ന് ജെ.പി.സി അംഗവും സംസ്ഥാന സഹപ്രഭാരിയുമായ അപരാജിത സാരംഗി ഉറപ്പുനൽകി.
ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം, അഡ്വ. ഷോൺ ജോർജ്, മൈനോരിറ്റി മോർച്ച സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ്, അഡ്വ. ശങ്കു ടി.ദാസ്, ഭാരതീയ വ്യാപാരി വ്യവസായിസംഘം പ്രസിഡന്റ് കെ.കെ. മുരളി തുടങ്ങിയവരും നേതാക്കൾക്കൊപ്പം ഉണ്ടായിരുന്നു. ഇന്നലത്തെ സമരം വികാരി ഫാ. ആന്റണി സേവ്യർ തറയിൽ ഉദ്ഘാടനം ചെയ്തു.