കോലഞ്ചേരി: ആകമാന സുറിയാനി ഓർത്തഡോക്‌സ് സഭയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന ഡമാസ്‌കസ് ഉൾപ്പെട്ട സിറിയയിൽ കലാപം രൂക്ഷമായതിനെ തുടർന്ന് 10 ദിവസത്തെ സന്ദർശനം വെട്ടിച്ചുരുക്കി സഭാതലവൻ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയാർക്കീസ് ബാവ നാളെ മടങ്ങും.

സിറിയയിലെ കലാപത്തിൽ താൻ ആശങ്കയിലാണെന്ന് ബാവ പറഞ്ഞു. സിറിയയിൽ കഴിഞ്ഞ ദിവസങ്ങളിൽ നടക്കുന്നത് നിർഭാഗ്യകരമായ സംഭവങ്ങളാണ്. വലിയ മാറ്റങ്ങളാണ് സംഭവിക്കുന്നത്. ക്രിസ്ത്യാനികൾ ഉൾപ്പെടെ എല്ലാവിഭാഗം ജനങ്ങളും വലിയ ഭയപ്പാടിലാണ് ജീവിതം തള്ളിനീക്കുന്നത്. സിറിയയിലേയും മദ്ധ്യപൂർവദേശത്തെയും എല്ലാ ജനവിഭാഗങ്ങൾക്കും വേണ്ടി വിശ്വാസികൾ പ്രാർത്ഥിക്കണമെന്നും ബാവ ആവശ്യപ്പെട്ടു.

ശനിയാഴ്‌ച കൊച്ചിയിലെത്തിയ പാത്രിയാർക്കീസ് ബാവ 17ന് മടങ്ങാനാണ് നിശ്ചയിച്ചിരുന്നത്. കൊച്ചിയിൽ നിന്ന് റിയാദിലേയ്ക്കാണ് അദ്ദേഹം പോവുക. കലാപം രൂക്ഷമായതിനെ തുടർന്ന് ഏതാനും വർഷമായി പാത്രിയാർക്കീസ് ബാവ സഭാ ആസ്ഥാനമായ ഡമാസ്‌കസ് വിട്ട് ലബനനിലാണ് താമസം. ലബനനിലും ഡമാസ്‌‌കസിലും ബിഷപ്പ് ഹൗസുകളുണ്ട്.