കാലടി: സി.പി.എം അങ്കമാലി ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി പൊതുസമ്മേളനവും റാലിയും നടന്നു. ഇതര ലോക്കൽ കമ്മിറ്റികളെ ഒഴിവാക്കി കാഞ്ഞൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് റാലി സംഘടിപ്പിച്ചത്. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും മന്ത്രിയുമായ പി. രാജീവ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. ഭൂരിപക്ഷ വർഗീയതയെയും എസ്.ഡി.പി.ഐ പോലുള്ള ന്യൂനപക്ഷ വർഗീയതയും പ്രീണിപ്പിക്കുന്ന കോൺഗ്രസിന്റെ നയം ഇന്ത്യാ മുന്നണിക്ക് ഭീഷണിയാണെന്ന് പി. രാജീവ് പറഞ്ഞു. മുനമ്പം വിഷയത്തിൽ കോൺഗ്രസിന് ഇരട്ടത്താപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലാ കമ്മിറ്റി അംഗം സി.കെ. സലിംകുമാർ അദ്ധ്യക്ഷനായി. സി.ബി.ദേവദർശൻ, ഏരിയാ സെക്രട്ടറി കെ.പി. റെജീഷ്, കെ.എ. ചാക്കോച്ചൻ, എം.പി. പത്രോസ്, ടി.ഐ. ശശി, കെ. തുളസി,അഡ്വ. കെ.കെ. ഷിബു, പി. അശോകൻ, കെ.പി. ബിനോയ് എന്നിവർ സംസാരിച്ചു.