കൊച്ചി: വയനാട് ദുരന്തത്തെ ചെറുതാക്കി ചിത്രീകരിക്കാനും മറ്റു രാജ്യങ്ങളിൽ നിന്നുള്ള സഹായം ഇല്ലാതാക്കാനുമുള്ള ശ്രമമാണ് കേന്ദ്ര സർക്കാർ നടത്തുന്നതെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു. സി.പി.ഐ മുൻ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ അനുസ്മരിക്കാൻ ജില്ലാ കമ്മിറ്റി എറണാകുളം ടൗൺഹാളിൽ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വയനാട് ദുരിതബാധിതരുടെ പുനരധിവാസം ഉറപ്പാക്കും. മുനമ്പം നിവാസികൾക്ക് നികുതി അടയ്ക്കാനുള്ള അവകാശത്തിനായി കോടതിയിൽ വാദിക്കുമെന്നും മന്ത്രി അറിയിച്ചു.
സി.പി.ഐയെ മുന്നോട്ടു നയിച്ച കാനം രാജേന്ദ്രന്റെ വേർപാട് പാർട്ടിക്കും മുന്നണിക്കും മാത്രമല്ല കേരള രാഷ്ട്രീയത്തിനാകെ തീരാനഷ്ടമാണെന്നും മന്ത്രി പറഞ്ഞു.
സി.പി.ഐ ജില്ലാ സെക്രട്ടറി കെ.എം. ദിനകരൻ അദ്ധ്യക്ഷത വഹിച്ചു. എൻ. അരുൺ, ഇ.കെ. ശിവൻ, ബാബു പോൾ, ടി. രഘുവരൻ, പി.കെ. രാജേഷ്, ശാരദമോഹനൻ തുടങ്ങിയവർ പങ്കെടുത്തു.