
കൊച്ചി: ഇത് ക്രിസ്മസ് കാലം. വിപണിയിലും വീട്ടിലും ഒരുക്കങ്ങൾ തകൃതിയാണ്. ഇത്തവണ സ്റ്റാർ പുഷ്പയാണ്. കൂടെ, ജെയ്ലർ, കടുവ, മെസി, നെയ്മർ, എന്നിങ്ങനെ വിവിധ പേരുകളിൽ നക്ഷത്രങ്ങൾ നിരത്തുകളിൽ അണിനിരന്നുകഴിഞ്ഞു. അലങ്കാരങ്ങളും ക്രിസ്മസ് ട്രീയും നക്ഷത്രങ്ങളും കേക്കുകളുമായി കച്ചവടക്കാർ നിറഞ്ഞതോടെ ക്രിസ്മസ് വിപണി ഉഷാറായി. എറണാകുളം നഗരത്തിൽ ബ്രോഡ്വേയിൽ വിപണി ആരംഭിച്ചപ്പോൾ മുതൽ കനത്ത തിരക്കാണ്. ഇപ്പോൾ മൊത്തക്കച്ചവടമാണ് നടക്കുന്നത്. കോട്ടയം, ആലപ്പുഴ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് ബ്രോഡ്വേയിൽ നിന്ന് സാധനങ്ങൾ കൂടുതലായി പോകുന്നത്. അടുത്ത ദിവസം മുതൽ റീട്ടെയിൽ കച്ചവടം ആരംഭിക്കുമെന്ന് കച്ചവടക്കാർ പറയുന്നു.
നക്ഷത്രങ്ങൾക്ക് തന്നെയാണ് ഇത്തവണ ആവശ്യക്കാർ ഏറെ. 50 രൂപ മുതൽ നക്ഷത്രങ്ങൾക്ക് വിലയുണ്ട്. സിനിമാപ്പേരുകളിട്ടതിനാൽ കുട്ടികൾ ഇതിലേക്ക് ആകർഷകരാകുമെന്നതാണ് കച്ചവടതന്ത്രം. മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി സ്നോ ക്രിസ്മസ് ട്രീയും ഇത്തവണ വിപണിയിലുണ്ട്. മഞ്ഞ് വീണ് നിൽക്കുന്ന ക്രിസ്മസ് ട്രീകളാണിവ. ഇവയിൽ ലൈറ്റിംഗ് സംവിധാനങ്ങളുമുണ്ട്.
നക്ഷത്രത്തിളക്കം
വെള്ളിത്തിരയിലെ സൂപ്പർ സ്റ്റാറുകളാണ് നക്ഷത്രങ്ങളിലും തിളക്കത്തോടെ വിറ്റുപോകുന്നത്. പുഷ്പ 2, ജയിലർ, കടുവ എന്നിങ്ങനെ വിവിധ ഹിറ്റ് ചിത്രങ്ങളുടെ പേരിലാണ് നക്ഷത്രങ്ങൾ ഇറങ്ങിയിരിക്കുന്നത്. ഫുട്ബാൾ ഇതിഹാസങ്ങളുടെ പേരിലും നക്ഷത്രങ്ങൾ വിപണിയിലുണ്ട്. മെസി, നെയ്മർ, റൊണാൾഡോ നക്ഷത്രങ്ങളാണ് ഫുട്ബാൾ പ്രേമികൾ വാങ്ങുന്നത്. ഈ നക്ഷത്രങ്ങളിൽ ഇവരുടെ ചിത്രങ്ങൾ തെളിയും എന്നതാണ് പ്രത്യേകത. 600 രൂപ വരെയാണ് ഇവയുടെ വില.
പുതിയ വെറൈറ്റി നക്ഷത്രങ്ങളും പുൽക്കൂടുകളും വന്നതോടെ ക്രിസ്മസ് വിപണി ഉഷാറായിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ ഇനിയും തിരക്ക് വർദ്ധിക്കും.
കെ.പി. റോയി,
കച്ചവടക്കാരൻ,
ബ്രോഡ്വേ
വിപണി പിടിച്ച് പ്ലം കേക്ക്
ക്രിസ്മസ് വിപണിയിലെ മറ്റൊരു താരമായ പ്ലംകേക്ക് കടകളിൽ ഇടംപിടിച്ചു കഴിഞ്ഞു. കിലോയ്ക്ക് 500 മുതൽ 2000 രൂപ വരെയാണ് വിവിധ കേക്കുകളുടെ വില. ഒരു വർഷം മുമ്പ് പഴങ്ങൾ പഞ്ചസാരയിൽ വരട്ടി സൂക്ഷിച്ച് പിറ്റേ വർഷം മിക്സ് ചെയ്ത് ഉണ്ടാക്കുന്ന മെച്വർ പ്ലം കേക്കിനാണ് കൂടുതൽ ആവശ്യക്കാർ. ഒപ്പം സാധാരണ പ്ലം കേക്ക്, റിച്ച് പ്ലം, ഡേറ്റ്സ് പ്ലം, ഗീ കേക്ക്, മാർബിൾ കേക്ക്, മോക്ക, ഐസിംഗ് കേക്ക്, ജാക്ഫ്രൂട്ട് കേക്ക്, മറ്റ് ക്രീം കേക്കുകൾ എന്നിവയെല്ലാം സീസൺ കൊഴുപ്പിക്കാൻ നിരന്നുകഴിഞ്ഞു. അടുത്ത ദിവസങ്ങളിൽ കൂടുതൽ ഫ്ളേവറുകളിലുള്ള കേക്കുകളെത്തും
വില നക്ഷത്രം- 200- 1000
പുൽക്കൂട് സെറ്റ്- 200-1000
ക്രിസ്മസ് ട്രീ- 200-10000
അലങ്കാരങ്ങൾ- 600-1000
എൽ.ഇ.ഡി ബൾബ്- 100-500
കേക്ക്- 500- 2000