
കൊച്ചി: തീരദേശ അടിസ്ഥാന സൗകര്യമുൾപ്പെടെയുള്ള സമുദ്രമേഖലയിലെ വികസനപദ്ധതികളിൽ സംസ്ഥാന സർക്കാറുമായി സഹകരിക്കാനൊരുങ്ങി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ). ഫിഷറീസ് വകുപ്പിന് കീഴിലുള്ള കേരള സംസ്ഥാന തീരദേശ മേഖല വികസന കോർപ്പറേഷനുമായി (കെ.എസ്.സി.എ.ഡി.സി.) ഇത് സംബന്ധിച്ച് ധാരണയായി. കെ.എസ്.സി.എ.ഡി.സി സമുദ്രമേഖലയിൽ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ നടത്തിപ്പിന് സി.എം.എഫ്.ആർ.ഐ സാങ്കേതിക പിന്തുണ നൽകും.
സി.എം.എഫ്.ആർ.ഐ ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജും കെ.എസ്.സി.എ.ഡി.സി. മാനേജിംഗ് ഡയറക്ടർ പി.ഐ. ഷെയ്ഖ് പരീതും ധാരണാപത്രം ഒപ്പുവെച്ചു. ഹാച്ചറികൾ, സമുദ്ര അക്വേറിയങ്ങൾ, മറൈൻ പാർക്കുകൾ, കടലിലെ മത്സ്യകൃഷി കൂടുകൾ, കൃത്രിമ പാരുകൾ തുടങ്ങിയ പദ്ധതികളുടെ ആസൂത്രണം, രൂപകല്പന, നിർമ്മാണം എന്നിവയിൽ സംയുക്ത സഹകരണമാണ് ലക്ഷ്യമിടുന്നത്. തീരദേശവാസികൾക്ക് സുസ്ഥിരവരുമാന അവസരങ്ങൾ സൃഷ്ടിക്കുന്ന ജലകൃഷിരീതികളും സാദ്ധ്യമായ മറ്റ് പദ്ധതികളും ആവിഷ്കരിച്ച് നടപ്പിലാക്കാനും സഹകരണം പ്രയോജനപ്പെടും.