കൊച്ചി: ഫെബ്രുവരി 15, 16 തീയതികളിൽ രാജേന്ദ്രമൈതാനിയിൽ മുത്തപ്പൻ മഹോത്സവത്തിന്റെ ഭാഗമായി മുത്തപ്പൻ വെള്ളാട്ട് നടത്തും. 15ന് മുത്തപ്പൻ വെള്ളാട്ടും 16ന് പുലർച്ചെ നാലിന് തിരുവപ്പനയും നടക്കും. പറശിനിക്കടവിലേതടക്കമുള്ള അതേ മുത്തപ്പൻ തെയ്യമാണ് നടക്കുന്നത്.
15ന് വൈകിട്ട് മൂന്നിന് ശ്രീ മുത്തപ്പന്റെ മലയിറക്കലോടെ ഉത്സവാഘോഷങ്ങൾക്ക് തുടക്കമാകും. തുടർന്ന് കളിക്കപ്പാട്ട്, സാംസ്കാരിക, ആദ്ധ്യാത്മിക സമ്മേളനങ്ങൾ, കലാപരിപാടികൾ എന്നിവയും നടക്കും.
രണ്ടു ദിവസങ്ങളിലായി നടക്കുന്ന ചടങ്ങിൽ 15000ൽ അധികം ഭക്തർ പങ്കെടുക്കും.
മഹോത്സവത്തിന്റെ സംഘാടകസമിതി രൂപീകരിച്ചു. സംഘാടക സമിതി രൂപീകരണയോഗം ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബാലകൃഷ്ണൻ പെരിയ ചെയർമാനും ശ്യാംമേനോൻ ജനറൽ കൺവീനറും ഷാജി പവിത്രം ട്രഷററുമായുള്ള 501അംഗ ആഘോഷ കമ്മിറ്റിക്കാണ് രൂപം നൽകിയത്. പതിനൊന്ന് സബ് കമ്മിറ്റികളും നിലവിൽ വന്നു.
കേരള കേന്ദ്ര സർവകലാശാല പരീക്ഷാ കൺട്രോളർ ഡോ. ജയപ്രകാശ്, സൂര്യകാലടി ജയസൂര്യൻ നമ്പൂതിരി, കെ 3 എ സംസ്ഥാന പ്രസിഡന്റ് രാജു മേനോൻ, പിന്നണിഗായിക ആശാലത, ജെ.സി.ഐ മുൻ അഖിലേന്ത്യ പ്രസിഡന്റ് അഡ്വ. എ.വി. വാമനകുമാർ, സിനിമാ സംവിധായകരായ ഉത്പൽ വി. നയനാർ, സുധീഷ് ഗോപിനാഥ്, ഇന്ദിര ഭരതൻ, പി.വി. അതികായൻ എന്നിവർ സംസാരിച്ചു.