r

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ നഗരസഭയിലെ വാർഡ് വിഭജനം ആസന്നമായ തിരഞ്ഞെടുപ്പിനെ മുൻനിറുത്തിയുള്ള രാഷ്ട്രീയ ലാഭത്തിനെന്ന് ആരോപണം. നിലവിലുള്ള 49 വാർഡുകൾ 53 ആയി പുതുക്കി നിശ്ചയിച്ചതിലാണ് പരാതി. അതിർത്തി നിർണയം വോട്ടർമാരിൽ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നും ആരോപണമുണ്ട്.

2011 ലെ സെൻസസ് പ്രകാരമുള്ള ജനസംഖ്യയുടെ അടിസ്ഥാനത്തിൽ വാർഡുകളുടെ അതിർത്തി നിശ്ചയിച്ചിരിക്കുന്നതിനാൽ ചില വാർഡുകൾക്ക് വലിപ്പം കൂടുതലും മറ്റുചിലതിന് കുറവും വന്നിട്ടുണ്ട്. വോട്ടർപട്ടിക പ്രസിദ്ധപ്പെടുത്തുമ്പോൾ വോട്ടർമാരുടെ എണ്ണത്തിൽ വലിയ അന്തരം ഉണ്ടാകുന്ന സാഹചര്യത്തിൽ ഇത് പുന:പരിശോധിക്കേണ്ടതുണ്ട്.

അതിർത്തി വെട്ടിമുറിക്കൽ

* പഴയ ഒന്നാംവാർഡായ ആറ്റിപ്രായിലിനെ രണ്ടായി തിരിക്കുകയും എരൂർ പുഴയ്ക്ക് ഇരുവശവുമുള്ള അയ്യമ്പള്ളിക്കാവ് എന്ന പുതിയ വാർഡ് രൂപീകരിക്കുകയും ചെയ്തു.

* ഭൂമിശാസ്ത്രപരമായ അതിർത്തി പാലിക്കാതെ രൂപീകരിച്ച വാർഡിന്റെ പൊതുവായ എല്ലാ പ്രവർത്തനത്തെയും ഇത് ബാധിക്കും

* കണിയാമ്പുഴ, എസ്.എൻ ജംഗ്ഷൻ, സംസ്കൃതകോളേജ്, ഞാണംതുരുത്ത്, തേവരക്കാവ്, സ്റ്റാച്യു, പാലസ് സ്കൂൾ, കണ്ണൻകുളങ്ങര, ചൂരക്കാട്, മേക്കര തുടങ്ങി പത്തു വാർഡുകൾക്ക് നടുവിലൂടെയാണ് പൊതുമരാമത്ത് റോഡുകളും ഹൈവേകളും കടന്നുപോകുന്നത്. പ്രധാനപ്പെട്ട റോഡുകൾ അതിർത്തിയായി നിശ്ചയിക്കണമെന്ന നിർദ്ദേശത്തിന്റെ നഗ്നമായ ലംഘനമാണ്. ഇത് വാർഡ് വികസനത്തെ പ്രതികൂലമായി ബാധിക്കും

* വാർഡുകളുടെ ആകൃതി നഷ്ടപ്പെടുന്നതോടെ മൊത്തത്തിൽ കുഴപ്പമാകും

* പേര് നിർണയത്തിലെ അപാകത

സാംസ്കാരിക നഗരമായ തൃപ്പൂണിത്തുറയുടെ പൈതൃകത്തിനൊത്ത പേരുകൾ ഒഴിവാക്കുന്ന സാഹചര്യമാണ് പുനർനിർണയത്തിലുള്ളത്. വാർഡ് 52 കണിയാമ്പുഴ വാർഡിന് ആ സ്ഥലവുമായി യാതൊരു ബന്ധവുമില്ല. വാർഡിന്റെ പഴയ പേരായ മാരംകുളങ്ങരയുടെ ഭാഗങ്ങൾ പുതിയ വാർഡ് അതിർത്തിയായി നിശ്ചയിച്ചിരിക്കുന്നതിനാൽ മാരംകുളങ്ങര എന്ന പേര് നിലനിറുത്തണമെന്നാണ് ആവശ്യം. പിഷാരികോവിൽ, ഏലുമന, താമരംകുളങ്ങര, ചക്കംകുളങ്ങര, പള്ളിപ്പറമ്പ് കാവ് തുടങ്ങിയ പേരുകൾ ഒഴിവാക്കിയത് തൃപ്പൂണിത്തുറയുടെ സാംസ്കാരിക പൈതൃകത്തോടുള്ള വെല്ലുവിളിയാണെന്നാണ് ആക്ഷേപം.

അധികമായി കൂട്ടിച്ചേർത്ത നാല് വാർഡുകളും എരൂർ ഭാഗത്താണെങ്കിലും തൃപ്പൂണിത്തുറ ടൗണിൽ വരുത്തിയ മാറ്റങ്ങളിൽ ദുരൂഹതയുണ്ട്. സി.പി.എം നേതാക്കൾക്ക് ജയിക്കാനായി മാനദണ്ഡങ്ങൾ പാലിക്കാതെയാണ് അതിർത്തി നിർണയം.

ശ്രീക്കുട്ടൻ തുണ്ടത്തിൽ,

ബി.ജെ.പി ജില്ലാ ട്രഷറർ