
കൊച്ചി: ക്രിസ്മസിനെ വരവേൽക്കാൻ മുളയിൽ തീർത്ത സ്റ്റാറുകളാണ് ഇത്തവണ ബാംബൂ ഫെസ്റ്റിലെ താരം. മറൈൻഡ്രൈവിൽ തുടക്കംകുറിച്ച ബാംബൂ ഫെസ്റ്റിൽ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നും 15ഓളം സംരംഭക കൂട്ടായ്മകളാണ് ക്രിസ്മസ് സ്റ്റാറുകൾ വിൽക്കുന്നത്. മുളയിൽ തീർത്ത ക്രിസ്മസ് സ്റ്റാറുകൾ വിപണിയിൽ എത്തിയിട്ട് അഞ്ച് വർഷമായെങ്കിലും ഇത്തവണയാണ് സ്റ്റാറുകൾ കൂടുതൽ വില്പന നടന്നതെന്ന് സംരംഭകർ പറഞ്ഞു. കൂടാതെ ക്രിസ്മസ് ബാളുകൾ, പുൽക്കൂട്, സ്റ്റിക്കുകൾ, അലങ്കാര ലൈറ്റുകൾ, ക്രിസ്മസ് പാപ്പാ തൊപ്പികൾ, ആശംസാ കാർഡുകൾ തുടങ്ങിയവയും പ്രദർശനത്തിലുണ്ട്. ഡിസംബർ 7ന് ആരംഭിച്ച മേള 12ന് അവസാനിക്കും. ഫെസ്റ്റ് കഴിഞ്ഞാലും സ്റ്റാറുകൾ ഓൺലൈനിലും ലഭ്യമാകും. രാവിലെ 10.30 മുതൽ രാത്രി 8.30 വരെയാണ് പ്രവേശനം. മേളയിൽ പ്രവേശനം സൗജന്യമാണ്.
ഭൂട്ടാനിൽ നിന്ന് മൂന്ന് കരകൗശല വിദഗ്ധർ പതിനഞ്ചോളം ഉത്പന്നങ്ങളുമായി ആദ്യമായി ബാംബൂ ഫെസ്റ്റിൽ എത്തിയത് മേളയുടെ അന്താരാഷ്ട്ര പങ്കാളിത്തത്തിന് വഴിയൊരുക്കി. ഭൂട്ടാനിലെ താരായണ ഫൗണ്ടേഷൻ വഴിയാണ് ഇവർ കൊച്ചിയിലെ മേളയിൽ പങ്കെടുക്കാനെത്തിയത്. സാമൂഹികവും സാമ്പത്തികവുമായി ഭൂട്ടാനിലെ ഗ്രാമീണ ജനങ്ങൾക്ക് കൈത്താങ്ങാവുക എന്നാണ് ഫൗണ്ടേഷന്റെ ലക്ഷ്യം. കുട്ട, തൊപ്പി, ചാർക്കോൾ സോപ്പ്, ചതുരാകൃതിയിലുള്ള ബാസ്‌കറ്റുകൾ എന്നിവയാണ് ഭൂട്ടാൻ സ്റ്റോളിലെ ആകർഷണീയമായ ഉത്പന്നങ്ങൾ. മുളയുടെ വൈൻ ബോട്ടിലും കൗതുകമുണർത്തുന്നതാണ്. കൈകൊണ്ട് നിർമ്മിച്ചവയാണ് ഇവയെല്ലാം. 2080 രൂപ മുതലാണ് വൈൻ ബോട്ടിലിന്റെ വില തുടങ്ങുന്നത്. ഗിഫ്റ്റ് ബാസ്‌കറ്റിന് 1000 രൂപയും തൊപ്പിക്ക് 1440 രൂപയുമാണ് വില. ഭൂട്ടാനിലെ പരമ്പരാഗത തൊപ്പിയും ഇതോടൊപ്പമുണ്ട്.
ഈട് കൂടുതൽ, വിലയും
പേപ്പറിൽ നിർമ്മിക്കുന്ന സ്റ്റാറുകളെക്കാൾ കൂടുതൽ കാലം നിലനിൽക്കുന്നതിനാൽ മുളയിൽ തീർത്ത സ്റ്റാറുകൾക്ക് വിലയും കൂടുതലാണ്. 50 മുതൽ 4000വരെയാണ് സ്റ്റാറുകളുടെ വില. 1000വില നിശ്ചയിച്ചിരിക്കുന്ന സ്റ്റാറുകളാണ് കൂടുതലും വിറ്റുപോകുന്നത്. 21 വർഷമായി മുള ഉത്പന്നങ്ങൾ നിർമ്മിക്കുന്ന വൈറ്റില സ്വദേശിയായ നിഷയും 9അംഗ സംഘവും മുഴുവൻ സമയവും സജീവമാണ്. കൽക്കട്ടയിലെ ചൂരൽവില്ലയിൽ നിന്നുമാണ് ഇവർ മുള ശേഖരിക്കുന്നത്. മലയാറ്റൂരിൽ നിന്നെത്തിയ ബിന്ദുവും സംഘവും വിൽക്കുന്ന 1000രൂപ നിശ്ചയിച്ചിരിക്കുന്ന സ്റ്റാറുകൾക്കും ഡിമാൻഡ് കൂടുതലാണ്.