h
ചോറ്റാനിക്കര ദേവീക്ഷേത്രത്തിന് സമീപം തെക്കേച്ചിറ കോളനിയിൽ സ്വകാര്യ കമ്പനിയുടെ ടവർ നിർമാണത്തിന് കുഴിയെടുത്തപ്പോൾ

ചോറ്റാനിക്കര: ചോറ്റാനിക്കര പഞ്ചായത്ത് അഞ്ചാംവാർഡിൽ ദേവീക്ഷേത്രത്തിന് സമീപം തെക്കേച്ചിറ കോളനിയിൽ ആരംഭിച്ച മൊബൈൽടവർ നിർമ്മാണത്തിനെതിരെ വൻ പ്രതിഷേധവുമായി നാട്ടുകാർ. സ്വകാര്യ കമ്പനിയുടെ വാഹനങ്ങൾ സ്ഥലത്തെത്തി കുഴിയെടുത്തപ്പോഴാണ് പ്രദേശവാസികൾ സംഭവം അറിഞ്ഞത്. ഇതോടെ ജനങ്ങൾ സംഘടിച്ചെത്തി നിർമ്മാണ പ്രവർത്തനങ്ങൾ തുടരരുതെന്ന് ആവശ്യപ്പെട്ടു.

നൂറുകണക്കിന് കുടുംബങ്ങൾ താമസിക്കുന്ന പ്രദേശത്ത് സ്ഥാപിക്കുന്ന ടവർ നിർമ്മാണം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും. ജനവാസ മേഖലയിൽ പാലിക്കേണ്ട മാനദണ്ഡങ്ങൾ സ്വകാര്യ കമ്പനി പാലിച്ചിട്ടില്ലെന്നും അതിനാൽ ടവർ നിർമ്മിക്കാൻ നൽകിയിട്ടുള്ള സ്വകാര്യ വ്യക്തിയുടെ ഭൂമിയുടെ ജനവാസം കുറഞ്ഞ സ്ഥലത്ത് ടവർ നിർമ്മിക്കണമെന്നുമാണ് ആവശ്യം. നിലവിൽ നിർമ്മാണം നടത്തുന്ന സ്ഥലത്തെ പ്രവർത്തനം നിറുത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് 42 കുടുംബങ്ങൾ ഒപ്പിട്ട ഹർജി ചോറ്റാനിക്കര പഞ്ചായത്ത് സെക്രട്ടറി, ജില്ലാ കളക്ടർ എന്നിവർക്ക് നൽകി.

* അനുമതി നൽകി പഞ്ചായത്ത്

നിലവിലെ നിയമങ്ങൾ അനുസരിച്ച് 10000 രൂപ പഞ്ചായത്തിൽ അടച്ചാൽ ടവർ നിർമ്മാണത്തിന് അനുമതി നൽകണമെന്നാണ് നിയമം. ഇത് സംബന്ധിച്ച് പരാതി തീർപ്പാക്കുന്നത് കളക്ടറാണ്.

പഞ്ചായത്ത് സെക്രട്ടറി

ജനവാസ മേഖലയിൽ ടവർ നിർമാണവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ പ്രതിഷേധം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഏക്കർ കണക്കിന് സ്ഥലമുള്ള ഉടമയോട് ടവർ നിർമ്മാണം ജനവാസ മേഖലയിൽനിന്ന് മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യാനായി വിളിപ്പിച്ചിട്ടുണ്ട്.

എം.ആർ. രാജേഷ്,

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്