പറവൂർ: പൗരാണികതയും സമ്പന്നതയും നിറഞ്ഞുനിന്ന പറവൂർ നഗരം ഇന്ന് പരാധീനതയുടെയും പരിവട്ടത്തിന്റെയും നാടായി മാറി. ശതാബ്ദി പിന്നിട്ട പറവൂർ നഗരസഭക്ക് വേണ്ടതായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻപോലും പണമില്ലാത്ത അവസ്ഥയാണ്. നഗരത്തിൽ മൂന്ന് പ്രധാന കവലകളാണുള്ളത്. ഇവിടെ നല്ലൊരു സിഗ്നൽ ലൈറ്റുകൾ പോലുമില്ല. കാലാവധി കഴിഞ്ഞ സിഗ്നൽ ലൈറ്റുകൾ തകരാർ ഒഴിഞ്ഞിട്ട് നേരമില്ല. നഗരത്തിൽ നിരീക്ഷണ ക്യാമറങ്ങൾ ഉണ്ടായതെല്ലാം തകരാറിലായി. ഇവ നന്നാക്കാനുള്ള ശ്രമങ്ങളൊന്നും നടക്കുന്നില്ല. നഗരത്തിലെ ഗതാഗത നിയന്ത്രണത്തിന് സ്ഥാപിച്ച ട്രാഫിക് യൂണിറ്റ് വേണ്ടത്ര പൊലീസ് ഉദ്യോഗസ്ഥരില്ലാത്തതിനാൽ പ്രവർത്തനം അവസാനിപ്പിച്ചു.

നിരീക്ഷണ ക്യാമറകൾ കണ്ണടച്ചു

ഗതാഗത നിയമലംഘനം, മാലിന്യംതള്ളൽ, കുറ്റകൃത്യങ്ങൾ തുടങ്ങിയവ കണ്ടുപിടിക്കാൻ 24 നിരീക്ഷണ ക്യാമറകളാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചത്. ഇവയിൽ ഒന്നുപോലും പ്രവർത്തിക്കുന്നില്ല. റോഡ് സേഫ്റ്റി ഫണ്ടിലെ 25 ലക്ഷം രൂപ ചെലവഴിച്ച് പൊതുമരാമത്ത് വകുപ്പ് ഇലക്ട്രോണിക്സ് വിഭാഗമാണ് ക്യാമറകൾ സ്ഥാപിച്ചത്. നഗരത്തിൽ മോഷണം, കുറ്രകൃത്യങ്ങൾ എന്നിവയുണ്ടായാൽ സ്വകാര്യ സ്ഥാപനങ്ങളിൽ സ്ഥാപിച്ചിട്ടുള്ള കാമറകളിലെ ദൃശ്യങ്ങളാണ് പൊലീസ് നിലവിൽ ശേഖരിക്കുന്നത്.

കാലഹരണപ്പെട്ട സിഗ്നൽ സംവിധാനം

നഗരത്തിലെ പ്രധാന ജംഗ്ഷനുകളായ ചേന്ദമംഗലം, മുനിസിപ്പൽ, കെ.എം.കെ എന്നിവിടങ്ങളിൽ സിഗ്നലുകൾ സ്ഥാപിച്ചിട്ട് വർഷങ്ങളായി നിലവിലുള്ളത് പഴക്കമേറിയ സിഗ്നൽ സിസ്റ്റം. അടിക്കടി കേടുവരുന്ന ഇവ മാറ്റിസ്ഥാപിക്കാനുള്ള നടപടി എടുക്കുന്നില്ല കെ.എം.കെ ജംഗ്ഷനിൽ സിഗ്നൽ അനുയോജ്യമല്ലാത്ത രീതിയിൽ സ്ഥാപിച്ചതിനാൽ തുടക്കം മുതൽ പ്രവർത്തിപ്പിച്ചില്ല പൊതുമരാമത്ത് വകുപ്പ് സ്ഥാപിച്ചിട്ടുള്ള സിഗ്നൽ ലൈറ്റുകളുടെ പരിപാലനം പൊലീസ് വകുപ്പിന്റെ കീഴിലുള്ള റോഡ് സേഫ്ടി​ വിഭാഗത്തിന് അടുത്തകാലത്ത് രണ്ട് സ്വകാര്യ സ്ഥാപനങ്ങളുടെ സഹായത്തോടെ സിഗ്നൽ നന്നാക്കിയെങ്കിലും വീണ്ടും തകരാറിലായി

നിറുത്തിപോയ ട്രാഫിക് യൂണിറ്റ്

പറവൂരിൽ ട്രാഫിക്ക് യൂണിറ്റ് തുടങ്ങിയത് ദീർഘനാളത്തെ കാത്തിരിപ്പിന് ശേഷം. അഞ്ച് വർഷത്തിന് ശേഷം ട്രാഫിക്ക് സ്റ്റേഷനായി ഉയർത്തുമെന്ന പ്രഖ്യാപനം നടന്നില്ല തുടക്കത്തിൽ യൂണിറ്റിലുണ്ടായിരുന്നത് ഒരു എസ്.ഐയും രണ്ട് എ.എസ്.ഐയും വനിതാ പൊലീസുകാരടക്കം പതിനഞ്ച് പേർ വൈകാതെ ഉദ്യോഗസ്ഥരുടെ എണ്ണം ആറായി പേരിന് മാത്രമായ യൂണിറ്റ് ഇപ്പോൾ പ്രവർത്തിക്കുന്നത് പറവൂർ പൊലീസ് സ്റ്റേഷൻ കേന്ദ്രീകരിച്ച്

നഗരത്തിലെ കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുന്നതിനും ഗതാഗത ലംഘനം ഒഴിവാക്കുന്നതിനും സി.സി ടിവി സ്ഥാപിക്കണം. ശുചിത്വമിഷന്റെ ഫണ്ട് ഉപയോഗിച്ച് നിരവധി തദ്ദേശസ്ഥാപനങ്ങൾ സി.സി ടിവികൾ സ്ഥാപിച്ചിട്ടുണ്ട്. പറവൂർ നഗരസഭയും ഇതിനുള്ള നടപടി സ്വീകരിക്കണം.

അഡ്വ. റാഫേൽ ആന്റണി

പ്രസിഡന്റ്

കനാൽ റോഡ്

റസിഡൻസ് അസോസിയേഷൻ

-----------------------------