 
അങ്കമാലി: അടിയന്തര പ്രാധാന്യത്തോടെ നടപ്പാക്കേണ്ട പദ്ധതികൾക്ക് മനപൂർവം തടസം സൃഷ്ടിക്കുന്ന ഉദ്യോഗസ്ഥക്കെതിരെ ജനപ്രതിനിധികൾ പ്രതിഷേധിച്ചു. എൽ.എസ്.ജി.ഡി വിഭാഗം അസിസ്റ്റന്റ് എക്സിക്യുട്ടീവ് ഓഫീസറുടെ നടപടിയിൽ പ്രതിഷേധിച്ചാണ് കാലടി പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ എൽ എസ്.ജി.ഡി അങ്കമാലിയിലെ സബ് ഡിവിഷൻ ഓഫീസിന് മുന്നിൽ ജനപ്രതിനിധികളും കുത്തിയിരിപ്പ് സമരം നടത്തിയത്. പ്രസിഡന്റ് ഷൈജൻ തോട്ടപ്പിള്ളി, വൈസ് പ്രസിഡന്റ് അംബിക ബാലകൃഷ്ണൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ശാന്ത ചാക്കോ, ഷിജി വർഗീസ്, മെമ്പർമാരായ ശാന്ത ബിനു, ഷിജ സെബാസ്റ്റ്യൻ, ഷാനിത നൗഷാദ് എന്നിവർ സമരത്തിൽ പങ്കെടുത്തു.
കാലടിയിലെ ആയുഷ് കോംപ്ലക്സ്, ആയുർവേദ ഹോമിയോ ആശുപത്രി നിർമ്മാണ പദ്ധതിയും, 15-ാം വാർഡിലെ തലശേരി കനാൽ മൂന്ന് ബണ്ട് - അങ്കണവാടി റോഡ് നിർമ്മാണ പദ്ധതിയുമടക്കം അനാവശ്യ സാങ്കേതികത്വം പറഞ്ഞ് തടസം സൃഷ്ടിക്കുകയാണ് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയറെന്ന് സമരക്കാർ ആരോപിച്ചു. എറണാകുളം എക്സിക്യുട്ടീവ് എൻജിനിയർ സാങ്കേതിക അനുമതി നൽകിയ പദ്ധതികൾ പോലും ടെൻഡർ ചെയ്യാൻ അനുവദിക്കാതെ ഇവർ മുരട്ടുന്യായങ്ങൾ നിരത്തുന്നതായി ജനപ്രതിനിധികൾ പറഞ്ഞു.
ഭരണസമിതികൾ തയ്യാറാക്കുന്ന പദ്ധതികൾക്ക് തടസം നിൽക്കുന്ന പ്രവണത അസിസ്റ്റന്റ് എക്സിക്യുട്ടീവ് ഓഫിസർ അവസാനിപ്പിക്കണം. നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുമതി ലഭിക്കുന്നതു വരെ സമരവുമായി മുന്നോട്ടുപോകും.
ഷൈജൻ തോട്ടപ്പിള്ളി
പ്രസിഡന്റ്
കാലടി പഞ്ചായത്ത്