kolani
പ്ലൈവുഡ് കമ്പനികളുടെ നിർമ്മാണം നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് പായിപ്ര പഞ്ചായത്ത് ഒന്നാം വാർഡിലെ കോളനി നിവാസികൾ പഞ്ചായത്ത് ഓഫിസിലേക്ക് പ്രതിഷേധ മാർച്ച് നടത്തുന്നു

മൂവാറ്റുപുഴ: പ്ലൈവുഡ് കമ്പനികളുടെ നിയമ ലംഘനങ്ങൾക്കെതിരെ പായിപ്ര പഞ്ചായത്ത് ഒന്നാം വാർഡിലെ 3സെന്റ് , 4സെന്റ് , 5സെന്റ് കോളനി നിവാസികൾ ഗ്രാമപഞ്ചായത്ത് ഓഫിസിലേക്ക് മാർച്ച് നടത്തി. പാവപ്പെട്ടവരെ ജീവിക്കാൻ അനുവദിക്കുക എന്ന ആവശ്യം ഉയർത്തിയാണ് സ്ത്രീകളും കുട്ടികളും അടക്കം പഞ്ചായത്തിലേക്ക് മാർച്ച് ചെയ്തത്. പേഴക്കാപ്പിള്ളി സ്റ്റേറ്ര് ബാങ്ക് ഒഫ് ഇന്ത്യയുടെ മുന്നിൽ നിന്നാണ് മാർച്ച് ആരംഭിച്ചത്. തുടർന്ന പഞ്ചായത്ത് ഓഫിസിന് മുന്നിൽ സമരക്കാർ ധ‌ർണ നടത്തി. കോളനിവാസി കിഷോർ അദ്ധ്യക്ഷനായി. ഓമന ശിവൻ,​ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.എ. റിയാസ് ഖാൻ, വാർഡ് മെമ്പർ ജയശ്രീ ശ്രീധരൻ, എ.ടി. സുരേന്ദ്രൻ, കെ.എൻ. രാജമോഹനൻ, ഷാജി പാലക്കുഴി, പി.എസ്. ഗോപകുമാർ എന്നിവർ സംസാരിച്ചു.

പ്ലൈവുഡ് കമ്പനികളുടെ അനധികൃത നിർമ്മാണം അവസാനിപ്പിച്ച് സമാധാനത്തോടെ ജീവിക്കുവാൻ അനുവദിച്ചില്ലെങ്കിൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ കുടുംബസമേതം കഞ്ഞിവച്ച് സമരം നടത്തുമെന്ന് കോളനി നിവാസികളായ ഓമന ശിവൻ, ഷാജി പാലക്കുഴി എന്നിവർ പഞ്ചായത്ത് സെക്രട്ടറിക്ക് മുന്നറിയിപ്പ് നൽകി.

പായിപ്ര പഞ്ചായത്ത് ഒന്നാംവാർഡിലെ മൂന്നു കോളനികളിലായി താമസിക്കുന്നത് 130 കുടുംബങ്ങൾ. കോളനികൾക്ക് ചുറ്റുമായി പ്രവർത്തനം ആരംഭിക്കാൻ പോകുന്നത് മൂന്ന് പ്ലൈവുഡ് കമ്പനികൾ. ഇതിൽ നിന്നുള്ള മാലിന്യം ഒഴുകിയെത്തുന്നത് കോളനികളിലേക്ക്.

നിലവിൽ കുറച്ചകലെ പ്രവർത്തിക്കുന്ന പ്ലൈവുഡ് കമ്പനികളിൽ നിന്നുള്ള വിഷപ്പുക ശ്വസിച്ച് കോളനി നിവാസികളെ ബാധിച്ചിരിക്കുന്നത് നിരവധി രോഗങ്ങൾ മേഖലയിലെ ക്യാൻസർ ബാധിതരുടെ എണ്ണം വളരെ കൂടുതലെന്ന് പഠനങ്ങൾ തൊട്ടടുത്ത് മൂന്ന് കമ്പനികൂടി പ്രവർത്തനം ആരംഭിച്ചാൽ ഭീകരത അതിരൂക്ഷമാകും അത്‌ലാന്റിക് എന്ന പ്ലൈവുഡ് കമ്പനിയുടെ നിർമ്മാണത്തിന്റെ ഭാഗമായി പാറകൾ പൊട്ടിക്കുന്നതിനാൽ കോളനി നിവാസികളുടെ വീടുകളെല്ലാം വിണ്ടുകീറുകയും ഇടക്ക് പൊളിഞ്ഞ് വീഴുകയും ചെയ്യുന്നു മലകളെല്ലാം ഇടിച്ചുനിരത്തി നീർച്ചാലുകൾ ഇല്ലാതാക്കുന്നു ഈ രീതിയിൽ കുടിവെള്ളം വരെ മുട്ടിച്ച് കോളനിവാസികളെ ആട്ടിയോടിക്കുകയെന്ന അജണ്ട നടപ്പാക്കുന്നു

പ‌ഞ്ചായത്ത്, റവന്യൂ, പൊലീസ്,​ മൈനിംഗ് ആൻഡ് ജിയോളജി, പൊല്യൂഷൻ എന്നീ വകുപ്പിലെ ജീവനക്കാരുടെ ഒത്താശയോടെയാണ് കോളനി നിവാസികളെ നാട്ടിൽ നിന്ന് ഓടിക്കുവാൻ ശ്രമിക്കുന്നത്. ഇതിനെതിരെ മുന്നറിയിപ്പ് നൽകികൊണ്ടുള്ള സമരമാണ് ആദ്യഘട്ടമായി നടത്തിയത്

ഓമന ശിവൻ

കോളനി നിവാസി