
തിരുവനന്തപുരം: എയർടെല്ലിന്റെ എ.ഐ അധിഷ്ഠിത സ്പാം തിരിച്ചറിയൽ സംവിധാനം അവതരിപ്പിച്ച് രണ്ടരമാസത്തിനിടെ 800 കോടി സ്പാം കോളുകളും 80 ലക്ഷം സ്പാം എസ്.എം.എസുകളും കണ്ടെത്തി. ദിവസവും പത്ത് ലക്ഷം തനതായ സ്പാമർമാരേയും കണ്ടെത്തി. പ്രവൃത്തി ദിവസങ്ങളിലേക്കാൾ 40 ശതമാനം കുറവ് സ്പാം കോളുകൾ മാത്രമേ വാരാന്ത്യങ്ങളിൽ ലഭിക്കുകയുള്ളൂ. സ്പാം നമ്പരുകളിൽ നിന്നും കാളുകൾ വരുമ്പോൾ അറ്റൻഡ് ചെയ്യുന്നതിൽ 12 ശതമാനം കുറവുണ്ട്. എയർടെല്ലിന്റെ 92 ശതമാനം ഉപഭോക്താക്കൾക്കും ഒരിക്കലെങ്കിലും തത്സമയ സ്പാം മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്. സ്പാം ഏറ്റവും കൂടുതൽ ലഭിക്കുന്നത് പുരുഷൻമാർക്കാണെന്ന് എയർടെല്ലിന്റെ ഡാറ്റ കാണിക്കുന്നു.
71 ശതമാനം പുരുഷൻമാർക്ക് സ്പാം കാൾ ലഭിക്കുന്നു. സ്ത്രീകൾക്ക് 21 ശതമാനം മാത്രമാണ്. 36 മുതൽ 60 വയസുള്ളവർക്കാണ് ഏറ്റവും കൂടുതൽ സ്പാം കാളുകളും എസ്.എം.എസുകളും ലഭിക്കുന്നത്.
സ്പാം കോളുകളും മെസേജുകളും ലഭിക്കുന്നതിൽ 45 ശതമാനവും 10,000 രൂപ വരെയുള്ള ബഡ്ജറ്റ് ഫോണുകളിലാണ്. ഇരുപതിനായിരം രൂപയ്ക്ക് മുകളിലുള്ള പ്രീമിയം ഫോണുകളിൽ 20 ശതമാനം സ്പാമുകൾ ലഭിക്കുമ്പോൾ പതിനായിരത്തിനും ഇരുപതിനായിരത്തിനും ഇടയിൽ വിലയുള്ള മിഡ് റേഞ്ച് ഫോണുകളിലേക്ക് 35 ശതമാനം സ്പാമുകൾ ലഭിച്ചു.