1
ഫ്ളാറ്റ് സമുച്ചയം

ഫോർട്ടുകൊച്ചി: കേന്ദ്രസർക്കാർ സ്മാർട്ട്സിറ്റി പദ്ധതിയിൽ പൂർത്തിയാക്കിയ ഫോർട്ടുകൊച്ചി കൽവത്തി പാർപ്പിട സമുച്ചയം പുർത്തിയാകുന്നു. രാജീവ് ആവാസ് യോജനയിൽ തുടക്കംകുറിച്ച പദ്ധതി ഫണ്ട് ലഭിക്കാത്തതിനെ തുടർന്ന് സ്തംഭനാവസ്ഥയിലായിരുന്നു. തുടർന്ന് കൊച്ചി സ്മാർട്ട്‌ സിറ്റി പദ്ധതിയിൽപ്പെടുത്തി കേന്ദ്രസർക്കാർ ഫണ്ടിൽ പൂർത്തിയാക്കിയ പാർപ്പിടസമുച്ചയം ബി.ജെ.പി കേരള പ്രഭാരിയും മുൻ കേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവദേക്കറും അപരാജിത സാരംഗി എം.പിയും സന്ദർശിച്ച് വിലയിരുത്തി. ചേരി നിർമ്മാർജ്ജനം ലക്ഷ്യമാക്കിയുള്ള ഭവനകൈമാറ്റം മാർച്ചിൽ നടത്തും.

2013 ൽ രാജീവ് ആവാസ് യോജനപ്രകാരം 60കോടി രൂപ ചെലവിലാണ് കൽവത്തി ഭവനസമുച്ചയ നിർമ്മാണം തുടങ്ങിയത്. 200 പേർക്ക് താമസിക്കാവുന്ന സമുച്ചയം തുടർ ഫണ്ടിന്റെ അഭാവത്തിൽ സ്തംഭനത്തിലായി. തുടർന്ന് സ്മാർട്ട് സിറ്റി പദ്ധതിയിൽ 21 കോടി രൂപ ചെലവഴിച്ച് പൂർത്തിയാക്കി. തൊട്ടടുത്ത് 44 കോടി രൂപ ചെലവിൽ 195ഭവനങ്ങളും 18 കടമുറികളുമായി പുതുതായി മറ്റൊരു സമുച്ചയവും പൂർത്തിയാക്കി.

സ്മാർട്ട് സിറ്റിയിൽപ്പെടുത്തിയുള്ള നിർമ്മാണ പുരോഗതി വിലയിരുത്തുന്നതിനാണ് കേന്ദ്ര നേതാക്കളെത്തിയത്. കൊച്ചി നഗരസഭ സ്ഥിരംമിതി ചെയർപേഴ്സൺമാരായ അഡ്വ. പ്രിയ പ്രശാന്ത്, ടി.കെ. അഷറഫ്, നഗരസഭാംഗം രഘുറാം ജെ. പൈ, അഡ്വ.ടി.പി. സിന്ധുമോൾ, ജില്ലാ സെക്രട്ടറി സജി, മണ്ഡലം വൈസ് പ്രസിഡന്റ് ധർമ്മേഷ് നാഗ്ഡ, സെക്രട്ടറി ശിവകുമാർ കമ്മത്ത്, ഭരത് എൻ.ഖോന, സി.എസ്.എം.എൽ ചീഫ് ജനറൽ മാനേജർ ആർ. രാജി, അശ്വിൻ ബാബു ,വിജിൽ എന്നിവർ പങ്കെടുത്തു.