തൃപ്പൂണിത്തുറ: നഗരസഭയിലെ അഴിമതി ഭരണത്തിനും ഭരണസ്തംഭനത്തിനും വികസന മുരടിപ്പിനും നേതൃത്വം നൽകുന്ന ചെയർപേഴ്സണും വൈസ് ചെയർമാനുമെതിരെ ബി.ജെ.പി അവിശ്വാസത്തിന് നോട്ടീസ് നൽകി. കേവല ഭൂരിപക്ഷമില്ലാത്തവരുടെ നിലവിലെ ഭരണം അഴിമതിയുടെ കൂത്തരങ്ങായി മാറിയെന്ന് ബി.ജെ.പി നേതാക്കൾ കുറ്റപ്പെടുത്തി. ബി.ജെ.പി പാർലമെന്ററി പാർട്ടി നേതാവ് പി.കെ. പീതാംബരൻ, കൗൺസിലർമാരായ അഡ്വ. പി.എൽ. ബാബു, ശോണിമ നവീൻ, സുധാ സുരേഷ് എന്നിവരുടെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർക്കാണ് നോട്ടീസ് നൽകിയത്.
നിലവിൽ എൽ.ഡി.എഫാണ് നഗരസഭ ഭരിക്കുന്നത്. ആകെ സീറ്റ് 49. എൽ.ഡി.എഫ്: 24. ബി.ജെ.പി: 17, കോൺഗ്രസ്: 7, സ്വതന്ത്രൻ: 1. ഇതിനുമുമ്പ് ബി.ജെ.പി രണ്ട് പ്രാവശ്യം അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നെങ്കിലും വോട്ടെടുപ്പിൽ പങ്കെടുക്കാതെ കോൺഗ്രസ് അംഗങ്ങൾ പിൻമാറിയതോടെ പരാജയപ്പെട്ടിരുന്നു. ഇക്കുറിയും ഇത് ആവർത്തിക്കുമെന്നാണ് സൂചന.