1

പള്ളുരുത്തി: ഇടക്കൊച്ചിയിൽ വർക്ക്ഷോപ്പ് ഉടമ അറക്കപ്പറമ്പിൽ കെ.എൽ. അഗസ്റ്റിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിലെ പ്രതിയെ അറസ്റ്റുചെയ്തു. ഇടക്കൊച്ചി എസ്.എ.സി.എ റോഡിൽ ചെത്തിപ്പറമ്പിൽ സി.പി. പ്രനീഷാണ് (24) അറസ്റ്റി​ലായത്. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. ശനിയാഴ്ച പുലർച്ചെ അഞ്ചോടെ ശ്രീകൃഷ്ണക്ഷേത്രത്തിന് മുൻവശം ഹൈവേയിൽ വച്ചായിരുന്നു ആക്രമണം.

റോഡിലൂടെ നടക്കുകയായിരുന്ന അഗസ്റ്റിനെ പിന്നിലൂടെ ഓടിയെത്തിയ പ്രതി റോഡരി​കിൽ കിടന്നിരുന്ന പോസ്റ്റുകൾക്കിടയിലേക്ക് തള്ളിയിട്ട് ക്രൂരമായി മർദ്ദിച്ചു. മുഖത്തും മറ്റു ശരീര ഭാഗങ്ങളിലും പരിക്കേറ്റ അഗസ്റ്റിൻ എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

പള്ളുരുത്തി സി.ഐ രതീഷ് ഗോപാൽ, എസ്.ഐ അജ്മൽ ഹുസൈൻ എന്നിവരുടെ നേതൃത്വത്തിലായി​രുന്നു അന്വേഷണം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.