ആലുവ: റെയിൽവേ സ്റ്റേഷനിലെ റെയിൽവേ മെയിൽ സർവീസ് (ആർ.എം.എസ്) ഓഫീസിന് ഇന്നലെ പൂട്ട് വീണു. കേന്ദ്ര വാർത്ത വിതരണമന്ത്രാലയത്തിന്റെ ഉത്തരവനുസരിച്ചാണ് നടപടി. നിലവിൽ സ്പീഡ് പോസ്റ്റുകളും പാഴ്സലുകളും കുറച്ചു വർഷങ്ങളായി എറണാകുളത്തെ ഹബ്ബിലാണ് കൈകാര്യം ചെയ്യുന്നത്. ഇനി മുതൽ കൊച്ചി വിമാനത്താവളത്തിലേയും ട്രെയിൻ വഴി വരുന്ന തപാലുകളും കൊച്ചിയിലെത്തിയിട്ടായിരിക്കും വേർതിരിക്കുക. ഈ മാസം ഏഴിനകം രാജ്യത്ത് 216 ഓഫീസുകളും കേരളത്തിൽ 12 ഓഫീസുകളും അടച്ചുപൂട്ടാനാണ് നിർദേശം ഉണ്ടായിരുന്നത്. ഇതോടെ സംസ്ഥാനത്തെ ആർ.എം.എസ് ഓഫീസുകളുടെ എണ്ണം 21 ൽ നിന്ന് 9തായി കുറഞ്ഞു. ജീവനക്കാരെ വിവിധ തപാൽ ഓഫീസുകളിലേക്ക് പുനർവിന്യാസം ചെയ്തു.