ആലുവ: പടിഞ്ഞാറെ കടുങ്ങല്ലൂരിൽ 75 ഏക്കറോളം വരുന്ന മുണ്ടകൻ പാടത്ത് പ്രാദേശിക കൂട്ടായ്മയുടെ നേതൃത്വത്തിൽ നെൽക്കൃഷി ആരംഭിച്ചു. കഴിഞ്ഞ മൂന്ന് പൂവായി കുട്ടനാട് സംഘമാണ് ഇവിടെ കൃഷിയിറക്കിയത്. ഇത്തവണ പ്രാദേശിക കൂട്ടായ്മ കൃഷി ചെയ്യാൻ തയ്യാറാവുകയായിരുന്നു. വർഷങ്ങളോളം തരിശായി കിടന്ന ആറ് ഏക്കറോളം ഭൂമിയിൽ നാല് വർഷമായി ഇവർ കൃഷി ചെയ്തുവരുന്നുണ്ട്. കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തിന്റെയും പടിഞ്ഞാറെ കടുങ്ങല്ലൂർ സഹകരണ ബാങ്കിന്റെയും സഹകരണത്തോടെയാണിത്. നിലമൊരുക്കൽ നേരത്തെ ആരംഭിച്ചുവെങ്കിലും കാലം തെറ്റിയ മഴ കൃഷിയെ പ്രതിസന്ധിയിലാക്കിയിരുന്നു.
നെൽക്കൃഷിയുടെ വിത്ത് വിതക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുരേഷ് മുട്ടത്തിൽ ഉദ്ഘാടനം ചെയ്തു. കിഴക്കേ കടുങ്ങല്ലൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി.കെ. ഷാജഹാൻ, മുൻ ബാങ്ക് പ്രസിഡന്റ് വി.കെ. ഷാനവാസ്, പടിഞ്ഞാറേ സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് കെ.എസ്. നന്മദാസ്, പി.ബി. ഹരീന്ദ്രൻ, സുഗുണാനന്ദൻ എന്നിവർ പങ്കെടുത്തു. എ.കെ. ചന്ദ്രൻ, കെ.സി. ജയൻ, വി.കെ. അൻവർ, സലികുമാർ തുടങ്ങിയവരാണ് പ്രാദേശിക കൂട്ടായ്മയ്ക്ക് നേതൃത്വം നൽകുന്നത്.