പറവൂർ: നൂറ് വയസ് പി​ന്നി​ട്ടി​ട്ടും പറവൂർ നഗരത്തിലൂടെ കാറോടിച്ച് പോകുന്ന എസ്.പി നായരുടെ ചുറുചുറുക്കിനെ ചെറുപ്പക്കാരടക്കം കൗതുകത്തോടെയാണ് കണ്ടിരുന്നത്. ചുവപ്പ് നിറമുള്ള മാരുതി ഓൾട്ടോ കാറാണ് എസ്.പി നായർ ഉപയോഗിച്ചിരുന്നത്. തൊണ്ണൂറ്റിയൊമ്പതാം വയസിൽ ഹൃദയവാൽവ് മാറ്റിവയ്ച്ചെങ്കിലും അതൊന്നും കാർ ഓടിക്കുന്നതി​ന് തടസമായില്ല. അമ്പലപ്പുഴയിൽ നൂറുപറവീട്ടിൽ ശങ്കുണ്ണിപിള്ളയുടെയും പാർവതി അമ്മയുടെയും മൂത്തമകനാണ്. സാഹിത്യകാരൻ തകഴി ശിവശങ്കരപ്പി​ള്ള ബന്ധുവാണ്. ഗുജറാത്ത് വിരവൽ ഇന്ത്യൻ റയോൺസ്, കാൻപൂർ ജെ.കെ റയോൺസ് എന്നിവിടങ്ങളിൽ ഉന്നത ഉദ്യോഗസ്ഥനായിരിക്കെ എഴുപതുകളുടെ തുടക്കത്തിൽ സ്വന്തമായി വ്യവസായം തുടങ്ങണമെന്ന ആഗ്രഹത്തിൽ ജോലി ഉപേക്ഷിച്ച് ഭാര്യ ലീല പി. നായരുടെ ജന്മനാടായ പറവൂരിലെത്തി. മാഞ്ഞാലി കേന്ദ്രീകരിച്ചായിരുന്ന വ്യവസായ സ്ഥാപനങ്ങൾ തുടങ്ങിയത്. പറവൂരിൽ ഒരു സർക്കാർ കോളേജ് എന്നതായിരുന്നു എസ്.പി നായരുടെ സ്വപ്നം. ഇതിനായി കേസരി സ്മാരക ട്രസ്റ്റിന്റെ കീഴിലുണ്ടായിരുന്ന കേസരി ആർട്സ് ആൻഡ് സയൻസ് കോളേജ് സർക്കാരിന് വീട്ടുകൊടുക്കാൻ ട്രസ്റ്റ് രക്ഷാധികാരിയായ എസ്.പി നായർ നിർണായക പങ്കുവഹിച്ചു. ഏറ്റെടുത്ത് നാലുവർഷം കഴിഞ്ഞിട്ടും പറവൂരിൽ സർക്കാർ കോളേജ് എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നത് കാണാൻ എസ്.പി നായർക്ക് സാധിക്കാതെപോയി.