padam
പ്രതി സഹിൻ അക്തർ

കൊച്ചി: 2019 മാർച്ചിൽ മട്ടാഞ്ചേരിയിൽ തിരുവനന്തപുരം സ്വദേശി അതിക്രൂര മർദ്ദനനത്തിന് ഇരയായി കൊല്ലപ്പെട്ട കേസിൽ പ്രതിയെ പൊലീസ് പശ്ചിമബംഗാളിലെത്തി സാഹസികമായി പിടികൂടി. മൂർഷിദാബാദ് സ്വദേശി സഹിൻ അക്തർ മൊള്ളയാണ് (29) അറസ്റ്റിലായത്. മട്ടാഞ്ചേരി മാന്ത്രപ്പാലത്തിന് സമീപം വാടകയ്ക്ക് താമസിച്ചിരുന്ന തിരുവനന്തപുരം വട്ടിയൂർക്കാവ് കമലാക്ഷിഭവനിൽ മണിയാണ് (58) കൊല്ലപ്പെട്ടത്. അഞ്ച് വർഷമായി ഒളിവിലായിരുന്നു പ്രതി.

എറണാകുളം സ്വദേശിയും കോൺട്രാക്ടറുമായ പരീതിന്റെ കീഴിലുള്ള കെട്ടിട നിർമ്മാണ തൊഴിലാളികളായിരുന്നു മണിയും സഹിനും. ഇയാൾ എടുത്തു നൽകിയ വീട്ടിലാണ് ജോലിക്കാർ താമസിച്ചിരുന്നത്. അടുത്ത സുഹൃത്തുക്കളായിരുന്നു മണിയും സഹിനും. മണിയുടെ ഫോൺ സഹിനും ഉപയോഗിച്ചിരുന്നു. എന്നാൽ സഹിൻ ഫോൺ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് മണി കണ്ടെത്തി. ഇതോടെ ഇവർ തമ്മിൽ തെറ്റി. സംഭവദിവസം ജോലിക്ക് പോകാതെ മദ്യപിച്ച ഇരുവരും ഫോണിനെച്ചൊല്ലി തർക്കിച്ചു. ഇതിൽ ക്ഷുഭിതനായി സഹിൻ മണിയെ ക്രൂരമായി മർദ്ദിച്ച് അവശനാക്കുകയായിരുന്നു.

ജോലി സ്ഥലത്തെത്തിയ സഹിൻ മണിയെ മർദ്ദിച്ചത് മറ്റുള്ളവരോട് പറഞ്ഞിരുന്നെങ്കിലുേ അവർ കാര്യമാക്കിയില്ല. ജോലികഴിഞ്ഞ് തിരികെ വീട്ടിൽഎത്തുമ്പോഴാണ് ഒപ്പം താമസിച്ചിരുന്നവർ മണിയെ ബോധരഹിതനായി കാണുന്നത്. ഉടൻ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചു. വൈകാതെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇവിടെ വച്ചാണ് മരിച്ചത്. പരിശോധനയിൽ സ്‌പൈനൽകോഡ് പൊട്ടിയതായി കണ്ടെത്തിയ ഡോക്ടറാണ് മണി ക്രൂരമർദ്ദനത്തിന് ഇരയായതായി ഉറപ്പിച്ചത്. ഇതിനിടെ സഹിൻ കേരളം വിട്ടിരുന്നു.

ആദ്യ പ്രത്യേകസംഘം പശ്ചിമബംഗാളിൽ എത്തിയെങ്കിലും സഹിനെ പിടികൂടാനായില്ല. അടുത്തിടെയാണ് കേസന്വേഷണത്തിന് മറ്റൊരു സംഘത്തെ ചുമതലപ്പെടുത്തിയത്. പശ്ചിമബംഗാൾ - ബംഗ്ലാദേശ് അതിർത്തിയിൽ നിന്നാണ് സഹിനെ പിടികൂടിയത്. ഇന്ന് കോടതിയിൽ ഹാജരാക്കും.

ഫോർട്ടുകൊച്ചി അസി. കമ്മിഷണറുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിലെ അംഗങ്ങളായ എ.എസ്.ഐ ഓസ്റ്റിൻ റോക്കി, പൊലീസ് എൻ.എസ്.ജി കമാൻഡോ സജിത്ത് സുധാകരൻ, സീനിയർ സി.പി.ഒ മഹേഷ് കെ.സി എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.


ഭ്രാന്തനെന്ന് മൊഴി;
തുമ്പായി വിവാഹം
സഹിന്റെ വീട്ടിലും നാട്ടിലും പൊലീസ് അന്വേഷിച്ചെത്തി. എന്നാൽ ഇയാൾ മുഴുഭ്രാന്തനാണെന്നും ഭാര്യയെപ്പോലും ഉപേക്ഷിച്ചയാളാണെന്നുമാണ് മാതാവടക്കം മൊഴിനൽകിയത്. തുടർന്ന് മറ്റ് മേഖലയിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. സഹിനെ പരിചയമുള്ളയാളെ ചോദ്യംചെയ്തു. പ്രതി വിവാഹം കഴിച്ചിട്ടില്ലെന്ന് ഇയാൾ മൊഴി നൽകിയതോടെ സംശയം ബലപ്പെട്ടു. പിന്നീട് മദ്യവില്പന കേന്ദ്രങ്ങളിലേക്ക് അന്വേഷണം നീട്ടി. ഇവിടെവച്ചാണ് സഹിനെ കണ്ടെത്തുന്നത്. ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.