കൊച്ചി: ഗുണ്ടാസംഘത്തിന്റെ മർദ്ദനമേറ്റതിനെ തുടർന്ന് മദ്ധ്യവയസ്‌കൻ ജീവനൊടുക്കിയ കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. തൃപ്പൂണിത്തുറ നടമ മാർക്കറ്റ് റോഡ് പൊയ്ന്തറ കോളനിയിൽ ഈരേലിൽവീട്ടിൽ ഇ.പി. ഹരീഷിനെയാണ് (32) ഹിൽപാലസ് പൊലീസ് അറസ്റ്റ് ചെയ്തത്. കുരീക്കാട് നമ്പൂരിശൻമല മറ്റത്തിൽ എം.വി. ബാബു (53) ആത്മഹത്യ ചെയ്ത കേസിലാണ് നടപടി. ആത്മഹത്യാക്കുറിപ്പിൽ പേരുള്ള കടവന്ത്ര കോണത്തറവീട്ടിൽ മാണിക്യൻ എന്ന കൃഷ്ണനുണ്ണിയും (29) പ്രതിയാണ്.

ഞായറാഴ്ച രാവിലെയാണ് തിരുവാങ്കുളം കവലീശ്വരം തോടിനുസമീപത്തെ മരത്തിൽ ബാബുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ബാബുവിന്റെ മുൻ സുഹൃത്തുക്കളായിരുന്ന നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ കൃഷ്ണനുണ്ണിയും ഹരീഷും ചേർന്ന് മർദിച്ചുവെന്ന് ബാബുവിന്റെ ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. പ്രേരണാക്കുറ്റം ചുമത്തിയാണ് കൃഷ്ണനുണ്ണിയെയും ഹരീഷിനെയും പ്രതിചേർത്തത്. ഹരീഷിനെ റിമാൻഡ്ചെയ്തു