metro
ചൂർണിക്കര പഞ്ചായത്തിലെ മുട്ടത്ത് നിർമ്മിച്ച മെട്രോയ യാർഡ്

ആലുവ: കൊച്ചി മെട്രോ റെയിൽ പദ്ധതിയുടെ ഭാഗമായി ചൂർണിക്കര പഞ്ചായത്തിലെ മുട്ടത്ത് യാർഡ് നിർമ്മിക്കുന്നതിനായി ജില്ലാ ഭരണകൂടം ഭൂമി ഏറ്റെടുത്ത് ഡി.എം.ആർ.സിക്ക് കൈമാറി 11 വർഷം പിന്നിട്ടിട്ടും ഭൂവുടമകൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്ന് പരാതി.

ഭൂമി വിട്ടുനൽകിയ കുടുംബങ്ങളിൽ നിന്നുള്ളവർക്ക് മെട്രോയിൽ തൊഴിൽ അവസരം ഉണ്ടാകുമ്പോൾ മുൻഗണന നൽകുമെന്നും വീടിന് കേടുപാട് സംഭവിച്ചവർക്ക് മതിയായ നഷ്ടപരിഹാരം നൽകുമെന്നും പൊതുകളിസ്ഥലം, കുളം എന്നിവ ഒരുക്കുമെന്നുമാണ് അധികൃതർ ഉറപ്പ് നൽകിയിരുന്നത്. സ്ഥലം വിട്ടുനൽകിയവർക്ക് യോഗ്യത അനുസരിച്ചു മെട്രോയിൽ തൊഴിൽ നൽകുമെന്നായിരുന്നു പ്രധാന വാഗ്ദാനം. അതിനാൽ വലിയ പ്രതീക്ഷയോടെയാണ് ഭൂവുടമകൾ ഭൂമി വിട്ടുനൽകിയത്. എന്നാൽ ഒരു പതിറ്റാണ്ട് പിന്നിട്ടിട്ടും വാഗ്ദാനങ്ങളിൽ ഒന്ന് പോലും പാലിച്ചില്ലെന്നാണ് പരാതി.

ഏറ്റെടുത്തതിൽ ഭൂരിഭാഗവും കൃഷി ഭൂമിയായിരുന്നെങ്കിലും നെൽവയൽ നീർത്തട സംരക്ഷണ നിയമ വ്യവസ്ഥ ഒഴിവാക്കിയാണ് യാർഡിനായി റവന്യു വകുപ്പ് നടപടി സ്വീകരിച്ചത്. വാഗ്ദാനങ്ങൾ ജലരേഖയാക്കിയ മെട്രോ അധികൃതരുടെ നടപടിയിൽ ഭൂമി വിട്ടുനൽകിയവർ കടുത്ത പ്രതിഷേധത്തിലാണ്.

മെട്രോ യാർഡ് നിർമ്മാണത്തിന് ശേഷം മഴക്കാലത്ത് അമ്പാട്ടുകാവ്, മഠത്താഴം, ഐറാട്ട് പ്രദേശങ്ങളും ദേശീയപാതയിലും വെള്ളക്കെട്ട് രൂക്ഷമാണ്. അമ്പാട്ടുകാവിൽ ഇതോടൊപ്പം തുരങ്കപാത നിർമ്മിക്കുമെന്ന വാഗ്ദാനവും നടപ്പായില്ല. മുട്ടത്ത് യാർഡിലേക്ക് പോകുന്നതിനായി തുരങ്കപാത നിർമ്മിച്ചെങ്കിലും അശാസ്ത്രീയമായതിനാൽ മഴക്കാലത്ത് വെള്ളക്കെട്ട് രൂക്ഷമാണ്. ഇതിന് പരിഹാരം കണ്ടെത്താനും മെട്രോക്ക് കഴിഞ്ഞില്ലെന്നും ആക്ഷേപമുണ്ട്.

വാക്കുപാലിക്കാൻ കളക്ടർക്ക് നിവേദനം

മുട്ടത്ത് മെട്രോ യാർഡിനായി ഭൂമി ഏറ്റെടുത്തപ്പോൾ ജില്ലാ ഭരണകൂടവും കൊച്ചി മെട്രോയും ഭൂവുടമകൾക്ക് നൽകിയ വാഗ്ദാനം പാലിക്കണമെന്നാവശ്യപ്പെട്ട് ചൂർണിക്കര ഗ്രാമപഞ്ചായത്ത് അംഗം കെ.കെ. ശിവാനന്ദൻ ജില്ലാ കളക്ടർക്കും കൊച്ചി മെട്രോ എം.ഡിക്കും നിവേദനം നൽകി.

106 ഭൂവുടമകളിൽ നിന്ന് ഏറ്റെടുത്തത് 41 ഏക്കർ ഭൂമി