courts

കൊച്ചി: നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ മെമ്മറി കാർഡ് കോടതികളുടെ കസ്റ്റഡിയിലിരിക്കേ അനധികൃതമായി പരിശോധിച്ചതിൽ നടപടി ആവശ്യപ്പെട്ട് അതിജീവിത രാഷ്ട്രപതിക്ക് കത്തയച്ചു. ഹൈക്കോടതിക്കും സുപ്രീംകോടതിക്കും പരാതി നൽകിയിട്ടും നടപടിയില്ലെന്ന് കത്തിൽ പറയുന്നു. കേസിൽ അന്തിമ വാദം ഇന്ന് കൊച്ചിയിലെ വിചാരണക്കോടതിയിൽ നടക്കാനിരിക്കെയാണ് അതിജീവിതയുടെ നീക്കം.

പൊലീസ് അന്വേഷണം ആവശ്യപ്പെട്ടുള്ള അതിജീവിതയുടെ ഹർജി മേൽക്കോടതികൾ തള്ളിയിരുന്നു. മെമ്മറി കാർഡുമായി ബന്ധപ്പെട്ട ആരോപണം അന്വേഷിച്ച പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയുടെ റിപ്പോർട്ട് റദ്ദാക്കണമെന്നും ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ പൊലീസ് അന്വേഷണത്തിന് ഉത്തരവിടണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം.

മെമ്മറി കാർഡ് തുറന്നതിന് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുത്തില്ലെന്നും ചട്ട വിരുദ്ധമായി മെമ്മറി കാർഡ് പരിശോധിച്ചെന്ന് വ്യക്തമായിട്ടും കോടതികൾ ഇടപെട്ടില്ലെന്നും കത്തിൽ പറയുന്നു. അങ്കമാലി മജിസ്ട്രേറ്റ് കോടതി, എറണാകുളം സെഷൻസ് കോടതി, എറണാകുളം സി.ബി.ഐ പ്രത്യേക കോടതി എന്നിവിടങ്ങളിലിരിക്കെ മെമ്മറി കാർഡ് പരിശോധിച്ചിട്ടുണ്ടെന്നാണ് സെഷൻസ് ജഡ്ജിയുടെ റിപ്പോർട്ടിലുള്ളത്.

2018 ജനുവരി 9ന് അങ്കമാലി മജിസ്ട്രേറ്റായിരുന്ന ലീന റഷീദും ഡിസംബർ 13ന് ജില്ലാ സെഷൻസ് കോടതിയിലെ സീനിയർ ക്ലാർക്ക് മഹേഷ് മോഹനുമാണ് പരിശോധിച്ചത്. കോടതിയുടെ അനുമതിയോടെയായിരുന്നു ഇത്. അതിനാൽ തെറ്റില്ലെന്നാണ് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയുടെ വസ്തുതാന്വേഷണ റിപ്പോർട്ട്.

2021 ജൂലായ് 19ന് മെമ്മറി കാർഡ് പരിശോധിച്ചത് എറണാകുളം സി.ബി.ഐ പ്രത്യേക കോടതിയിലെ ശിരസ്തദാർ താജുദ്ദീനാണ്. വിവോ ഫോൺ ഉപയോഗിച്ച് നടത്തിയ പരിശോധന അനധികൃതമായിരുന്നെന്നും റിപ്പോർട്ടിലുണ്ട്. ഇതിൽ നടപടിയില്ലെന്നാണ് അതിജീവിതയുടെ ആരോപണം.